Pravasimalayaly

സിംഗപ്പൂർ ഓപ്പണും പിടിച്ചെടുത്ത് സിന്ധു; 2022ലെ മൂന്നാം കിരീടം

സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യൻ സൂപ്പർ താരവും മൂന്നാം സീഡുമായ പി.വി. സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവും ലോക 11-ാം നമ്പർ താരവുമായ ചൈനയുടെ വാങ് ഷി യിയെ തോൽപിച്ചായിരുന്നു സിന്ധുവിന്റെ കിരീടനേട്ടം.

മൂന്ന് ഗെയിമുകൾ നീണ്ട കലാശപ്പോരാട്ടത്തിൽ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിംഗപ്പൂർ ഓപ്പണിൽ സിന്ധുവിന്റെ ആദ്യ കിരീടനേട്ടം കൂടിയാണിത്. 2022ൽ തന്റെ മൂന്നാം കിരീടനേട്ടമാഘോഷിച്ച സിന്ധു നേരത്തെ കൊറിയ ഓപ്പൺ, സ്വിസ് ഓപ്പൺ ടൂർണമെന്റുകളിലും കിരീടം സ്വന്തമാക്കിയിരുന്നു. സൈന നേഹ്വാളിന് ശേഷം സിംഗപ്പൂർ ഓപ്പൺ കിരീടം നേടുന്ന ഇന്ത്യൻ താരം കൂടിയാണ് സിന്ധു. അനായാസമാിട്ടായിരുന്നു സിന്ധു ആദ്യ സെറ്റ് സ്വന്തമാക്കിയത്. തുടർച്ചയായി 13 പോയിന്റ് നേടിയ സിന്ധു വെറും 12 മിനിറ്റുകൾ കൊണ്ടാണ് ആദ്യ സെറ്റ് പിടിച്ചടക്കിയത്.

എന്നാൽ രണ്ടാം സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷി യി സെറ്റ് പിടിച്ചടക്കുകയായിരുന്നു. 21-11 എന്ന സ്‌കോറിനായിരുന്നു ഷി യിയുടെ വിജയം. ഇതിന് പിന്നാലെ മൂന്നാം സെറ്റിൽ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച സിന്ധു സെറ്റും ഗെയിമും ഒപ്പം കിരീടവും സ്വന്തമാക്കുകയായിരുന്നു. സെമിയിൽ ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയം നേടിയാണ് പി.വി. സിന്ധു നേരത്തെ ഫൈനലിലെത്തിയത്. 21-15, 21-7 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.

Exit mobile version