കൊല്‍ക്കത്ത: പ്രശസ്ത ബോളിവുഡ് മലയാളി ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നസ്റുള്‍ മഞ്ചില്‍ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താന്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെയെത്തി. ഉടന്‍ തന്നെ അടുത്തുള്ള സിഎംആര്‍ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആൽബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെ കെ വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘പല്‍’ എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാന്‍ തുടങ്ങിയവ കെ കെ പാടിയ ഹിറ്റ് ഗാനങ്ങളാണ്.
തമിഴില്‍ മിന്‍സാര കനവ്, ഗില്ലി, കാക്ക കാക്ക തുടങ്ങിയ സിനിമകളിൽ കെ കെ പാടിയ ഗാനങ്ങൾ ഹിറ്റുകളാണ്. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ ‘രഹസ്യമായ് രഹസ്യമായ്’ എന്ന ഗാനം ആലപിച്ചതും കെ കെയാണ്. പെപ്സിയുടെ ‘യേ ദിൽ മാംഗേ മോർ’ കെ കെ പാടിയ പരസ്യചിത്രമാണ്. തൃശൂർ തിരുവമ്പാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ൽ ഡൽഹിയിലാണ് കെകെയുടെ ജനനം. ബാല്യകാലസഖിയായ ജ്യോതിയാണ് ഭാര്യ. മകൻ നകുൽ കെകെയുടെ ആൽബമായ ഹംസഫറിലും കെ കെ പാടിയിട്ടുണ്ട്.