Pravasimalayaly

ഗായകൻ സിദ്ദുവിനെ വെടിവച്ചത് കാനഡ ഗുണ്ടാസംഘം; ലോറൻസ് ബിഷ്ണോയി സംഘത്തിന് പങ്ക്,അന്വേഷണത്തിന് പ്രത്യേക സംഘം

കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാലയെ വെടിവച്ചുകൊന്നത് കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘമെന്ന് പഞ്ചാബ് പൊലീസ്. ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്  ആക്രമണത്തിനു പിന്നിൽ. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് കൊലപാതകത്തിൽ പങ്കുണ്ടെന്നും കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായും പഞ്ചാബ് ഡിജിപി വി.കെ.ഭാവ്ര അറിയിച്ചു. പഞ്ചാബി ഗായകൻ സിദ്ദു മൂസൈവാലയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം.

സിദ്ദുവിനെ ആക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. സിദ്ദുവിന്റെ ദാരുണമായ കൊലപാതകത്തിൽ അത്യന്തം ദുഃഖിതനാണെന്നും എല്ലാവരോടും ശാന്തരായിരിക്കാൻ അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ സിദ്ദുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. താൻ അതീവ ദുഃഖിതനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും സിദ്ദുവിന്റെ വിയോഗത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരം പറയേണ്ടതെന്നും കോൺഗ്രസ് നേതാവ് ചരൺ സിങ് സപ്ര പറഞ്ഞു. 
സുഹൃത്തുക്കൾക്കൊപ്പം പഞ്ചാബിലെ ജവഹർ കെ ഗ്രാമത്തിലേക്ക് ജീപ്പിൽ പോകുമ്പോഴായിരുന്നു സിദ്ദുവിന് (28) വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പ്പിൽ മറ്റു രണ്ടുപേർക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം സിദ്ദു ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. 

Exit mobile version