Pravasimalayaly

ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍. അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍/ഉപകരണങ്ങള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

2020 ജനുവരി മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം മിഠായി കോല്‍ മുതല്‍ ചെവിത്തോണ്ടി വരെയുള്ള വിവിധ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കും. ഇവയുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിവയ്ക്കും നിരോധനം ബാധമാണ്. പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ഭേദഗതി ചട്ടം 2021 പ്രകാരമാണ് നിരോധനം നടപ്പിലാക്കുന്നത്.

മിഠായി, ഐസ്‌ക്രീം, ചെവിത്തോണ്ടി, അലങ്കാരവസ്തുക്കള്‍, ബലൂണ്‍ എന്നിവയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഒഴിവാക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കപ്പുകള്‍, സ്പൂണ്‍, സ്‌ട്രോ, ട്രേ, പാത്രങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍. സിഗരറ്റ് കൂടുകള്‍ പൊതിയുന്ന നേരിയ പ്ലാസ്റ്റിക് കവര്‍, വിവിധ തരം കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന നേരിയ പ്ലാസ്റ്റിക്, മിഠായി കവറിലെ പ്ലാസ്റ്റിക്. 100 മൈക്രോണില്‍ താഴെയുള്ള പിവിസി, പ്ലാസ്റ്റിക് ബാനറുകള്‍.

ആദ്യഘട്ടത്തില്‍ പതിനായിരവും രണ്ടാംഘട്ടത്തില്‍ 25,000 രൂപയും തുടര്‍ന്ന് അമ്പതിനായിരവുമാണ് പിഴത്തുക. മൂന്ന് തവണ നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ നിര്‍മ്മാണ/പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ്, തദ്ദേശ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അധികാരമുണ്ട്.

Exit mobile version