Pravasimalayaly

അവിശ്വസനീയ വിധി, പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം; അപ്പീല്‍ പോകുമെന്ന് സിസ്റ്റര്‍ അനുപമ

കോട്ടയം: അവിശ്വസനീയ വിധിയെന്നും, നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാമല്ലോ. അതാണല്ലോ ഈ കാലത്ത് നടക്കുന്നത്. തങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ പോരാടും. മരിക്കേണ്ടി വന്നാലും പോരാട്ടത്തില്‍ നിന്നും പിന്മാറില്ല. പണത്തിനും സ്വാധീനത്തിനും മുകളിലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നാണ് വിശ്വസിക്കുന്നത്.

കേസിന്റെ വാദം നടക്കുന്നതുവരെ ഒന്നും നടന്നതായി തോന്നുന്നില്ല. അതിനുശേഷം അട്ടിമറി ഉണ്ടായിട്ടുണ്ട്. പൊലീസും പ്രോസിക്യൂഷനും നല്ല രീതിയിലാണ് കേസിനെ സമീപിച്ചത്. പ്രോസിക്യൂട്ടര്‍ നല്ല നിലയിലാണ് കേസ് വാദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരിലും വിശ്വാസമുണ്ട്. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

കോടതി വിധിക്കെതിരെ എന്തായാലും അപ്പീല്‍ പോകും. ഇക്കാര്യത്തില്‍ വക്കീലുമായി ആലോചിക്കണം. കന്യാസ്ത്രി മഠത്തില്‍ തുടരുന്നതില്‍ ഭയമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പണ്ടും സുരക്ഷിതരല്ല എന്നായിരുന്നു മറുപടി. പുറത്ത് പൊലീസിന്റെ സംരക്ഷണമുണ്ട്. കന്യാസ്ത്രീമഠമാണ്. അകത്ത് എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. മരിക്കാനും ഭയമില്ല എന്നും സിസ്റ്റര്‍ അനുപമ അഭിപ്രായപ്പെട്ടു.

ഇത്രയും നാള്‍ ഞങ്ങള്‍ക്കൊപ്പം കൂടെ നിന്ന നല്ലവരായ എല്ലാ മനുഷ്യര്‍ക്കും നന്ദി പറയുന്നുവെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ഇരയായ കന്യാസ്ത്രീയുടെ മാനസികാവസ്ഥ എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിങ്ങള്‍ക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ എന്നും സിസ്റ്റര്‍ അനുപമ ചോദിച്ചു.

Exit mobile version