കണ്ണൂര്‍: സി പി എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും.കേന്ദ്രകമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും.ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഇന്ന് സമാപിക്കുകയും ചെയ്യും.
എസ്.രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചു.സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. കേരളത്തില്‍ നിന്ന് എ വിജയരാഘവന്റെ പേര് ചര്‍ച്ചയായി. സംഘടന റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും.
ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപി എം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടേത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ് രാമചന്ദ്രന്‍ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാള്‍ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിര്‍ദ്ദേശത്തിലൂടെയാണ്. 1952ലാണ് സീതാറാം യെച്ചൂരിയുടെ ജനനം. കലുഷിതമായ തെലങ്കാന മുന്നേറ്റമുണ്ടായ അറുപതുകളുടെ അവസാനത്തോടെ ഡല്‍ഹിയിലേക്ക് മാറിയത് ജീവിതത്തില്‍ നിര്‍ണായകമായി.
പഠനകാലത്ത് സി ബി എസ് ഇ ഹയര്‍സെക്കന്ററി തലത്തില്‍ അഖിലേന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട് സീതാറാം യെച്ചൂരി. സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദവും ജെഎന്‍യു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോളേജ് കാലത്ത് എസ്എഫ്‌ഐയിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. എല്ലാ അവകാശങ്ങളും റദ്ദാക്കപ്പെട്ട അടിയന്തരാവസ്ഥകാലത്ത് നിര്‍ഭയം പോരാട്ടത്തിനിറങ്ങി അറസ്റ്റ് വരിച്ചു. 32 ആം വയസ്സില്‍ കേന്ദ്ര കമ്മിറ്റിയിലും നാല്‍പ്പതാമത്തെ വയസ്സില്‍ പൊളിറ്റ്ബ്യൂറോയിലും അംഗമായി