Sunday, October 6, 2024
HomeLatest Newsകേന്ദ്ര ബജറ്റ് അവതരണം; നിർമല സീതാരാമൻ പാർലമെന്റിലെത്തി

കേന്ദ്ര ബജറ്റ് അവതരണം; നിർമല സീതാരാമൻ പാർലമെന്റിലെത്തി

2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. ലോക്‌സഭാ സ്പീക്കറെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിക്കുന്ന ബജറ്റ് പ്രസംഗം രാവിലെ 11ന് തുടങ്ങും. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ന് രാവിലെ സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ബജറ്റിന് അംഗീകാരം നൽകാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം പുരോഗമിക്കുകയാണ്. മന്ത്രിസഭ ബജറ്റിന് അംഗീകരം നൽകും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാടുണ്ടായാൽ കേരളം അടക്കം സംസ്ഥാനങ്ങൾക്ക് ഗുണകരമാകും.

സാധാരണ 90 മുതൽ 120 മിനിറ്റ് വരെയാണ് ബജറ്റ് അവതരണത്തിന്റെ ദൈർഘ്യം. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. പാർലമെന്റിന്റെ കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയും നടക്കും.

ആരോഗ്യം, കാർഷിക മേഖല, വ്യവസായം, തൊഴിൽ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങി സമസ്ത മേഖലകളും കൊവിഡിൽ ആടിയുലഞ്ഞു നിൽക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം അടക്കം ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപത്തിന് കേന്ദ്രസർക്കാർ നിർബന്ധിതരാണ്. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments