Pravasimalayaly

കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടം, അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് സീതാറാം യെച്ചൂരി


സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്‍കാന്‍ പരിഗണിച്ച മഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണ്. വ്യക്തിപരമല്ല. കെ കെ ശൈലജയെ അവാര്‍ഡിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

‘കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണെന്ന് കെ കെ ശൈലജ ഫൗണ്ടേഷനോട് പറഞ്ഞു. ഇത് വ്യക്തിപരമല്ല. എന്നാല്‍ അവാര്‍ഡ് വ്യക്തികള്‍ക്കാണ് എന്നാണ് ഫൗണ്ടേഷന്‍ നിലപാട് അറിയിച്ചത്. ഇതിന് പുറമേ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സാധാരണയായി സാമൂഹ്യപ്രവര്‍ത്തകരെയും മറ്റുമാണ് ഇതിനായി പരിഗണിക്കാറ്. ഇത് വരെ രാഷ്ട്രീയ നേതാക്കളെ അവാര്‍ഡിനായി പരിഗണിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഉന്നത സമിതിയായ കേന്ദ്രകമ്മിറ്റിയിലെ അംഗമാണ് കെ കെ ശൈലജ.’- യെച്ചൂരിയുടെ വാക്കുകള്‍ ഇങ്ങനെ.

ഇതിന് പുറമേ രമണ്‍ മഗ്സസെയുടെ രാഷ്ട്രീയവും അവാര്‍ഡ് നിരസിക്കാന്‍ കാരണമായതായി യെച്ചൂരി പറഞ്ഞു. ഫിലിപ്പൈന്‍സില്‍ നിരവധി കമ്മ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുന്നതില്‍ നേതൃത്വം കൊടുത്തയാളാണ് രമണ്‍ മഗ്സസെയെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.

Exit mobile version