എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പും പൊതുയോഗവും തടയണമെന്ന ഹർജി തള്ളി

0
624

ചേർത്തല

എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്താൻ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ കൊച്ചി ബെഞ്ച് അനുമതി നൽകിയതിനെതിരെ എരുമേലി സ്വദേശിയായ ശ്രീകുമാർ ശ്രീപാദം നൽകിയ അപ്പീൽ ചെന്നൈയിലെ നാഷണൽ കമ്പനി ലാ അപ്പലേ​റ്റ് ട്രൈബ്യൂണൽ തള്ളി.യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്നും വാർഷിക പൊതുയോഗം നടത്താൻ ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. 114-ാമത് വാർഷിക യോഗവും തിരഞ്ഞെടുപ്പും അംഗങ്ങൾക്ക് മുഴുവൻ വോട്ടവകാശം നൽകാതെ 200 അംഗങ്ങൾക്ക് ഒരു പ്രതിനിധിയെ വീതം ശാഖകളിൽ നിന്ന് തിരഞ്ഞെടുത്ത് നടത്തുന്നത് കമ്പനി നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള അനുമതി 1974ൽ തന്നെ കേന്ദ്രസർക്കാർ യോഗത്തിന് നൽകിയിരുന്നതാണ്. ശ്രീകുമാറിന്റെ ആവശ്യങ്ങൾ കഴിഞ്ഞ ഏപ്രിൽ എട്ടിന് കൊച്ചി ബെഞ്ച് തള്ളിയിരുന്നു.യോഗം ഭാരവാഹികൾക്ക് അയോഗ്യതയില്ലാത്തതിനാൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ അവകാശമുണ്ടെന്നും പൊതുയോഗ തീരുമാനങ്ങൾ ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും ട്രൈബ്യൂണൽ അംഗം അശോക്‌കുമാർ ബോറയുടെ ഉത്തരവിൽ വ്യക്തമാക്കുകയും ചെയ്തു. ഈ ഉത്തരവാണ് നാഷണൽ കമ്പനി ലാ അപ്പല്ലേ​റ്റ് ട്രൈബ്യൂണലിലെ ജുഡിഷ്യൽ അംഗം ജസ്​റ്റിസ് എം. വേണുഗോപാൽ, അംഗം വി.പി.സിംഗ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ശരിവച്ചത്.കൊച്ചി ബെഞ്ചിന്റെ ഉത്തരവ് വസ്തുതാ വിരുദ്ധമോ നിയമ വിരുദ്ധമോ അല്ലെന്നും ഉത്തരവിനോടു പൂർണമായും യോജിക്കുന്നെന്നും വിധിയിൽ പറയുന്നു. യോഗം ഭാരവാഹികളെന്ന നിലയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 2013ലെ കമ്പനി നിയമപ്രകാരം മൂന്നു വർഷത്തെ റിട്ടേണുകൾ ഫയൽ ചെയ്യാത്തതിനാൽ അയോഗ്യത കല്പിക്കണമെന്നായിരുന്നു വാദം.എന്നാൽ കമ്പനി നിയമമനുസരിച്ച് യഥാസമയം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾക്ക് അയോഗ്യത കല്പിക്കാനാവില്ലെന്നും യോഗത്തിനു വേണ്ടി ഹാജരായ അഡ്വ. എ.എൻ.രാജൻബാബു വാദിച്ചു. മാത്രമല്ല, കമ്പനി നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടത്താനുള്ള ബാദ്ധ്യത ഭാരവാഹികൾക്കുണ്ടെന്നും വിശദീകരിച്ചു. ഇതു കണക്കിലെടുത്താണ് ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന് കൊച്ചി ബെഞ്ച് ഹർജിക്കാരന്റെ ആവശ്യങ്ങൾ നിരസിച്ചത്. തുടർന്ന് നൽകിയ അപ്പീൽ അപ്പലേ​റ്റ് ട്രൈബ്യൂണൽ ജൂലായ് രണ്ടിന് തള്ളുകയായിരുന്നു.

Leave a Reply