Pravasimalayaly

സോളാർ കേസിൽ രാഷ്ട്രീയ പ്രതികാരം: ഡോളർ കടത്തിൽ മുഖ്യമന്ത്രി മൗനവ്രതം

തിരുവനന്തപുരം: നയതന്ത്ര ചാനലിലൂടെ ഡോളർ കടത്തിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്വേഷണ ഏജൻസികളും മൗനവ്രതം തുടരുമ്പോൾ, കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ പ്രതികാരത്തിനു സോളാർ കേസ് പൊടിതട്ടിയെടുത്ത് സിബിഐ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എംപിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാർ എംഎൽഎ, മുൻ എംഎൽഎ എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായർ നൽകിയ പരാതിയിലാണ് സിബിഐ കേസെടുത്തത്. ഇവരെ പ്രതികളാക്കി ഇന്നലെ സിബിഐ തിരുവനന്തപുരം യൂണിറ്റ് സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. അഞ്ചുവർഷത്തോളം പിണറായി വിജയന്റെ കീഴിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് നൽകിയ കേസിലാണ് ഉമ്മൻ ചാണ്ടിയെ ഉൾപ്പെടെ അപമാനിക്കാൻ പുതിയ ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ ഫെബ്രുവരി 24-നാണ് പിണറായി സർക്കാർ സരിതാ നായരുടെ പരാതിയിലുള്ള അന്വേഷണം സിബിഐക്ക് വിട്ടത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

സരിതാ നായർ നൽകിയ പരാതിയിൽ ഉമ്മൻചാണ്ടിക്കെതിരെ യാതൊരു തെളിവുമില്ലെന്ന് 2021 മാർച്ച് 25-നാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. പരാതിക്കാരി ക്ലിഫ് ഹൗസിൽ പോയതിനുള്ള ഒരു തെളിവും കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്നുതന്നെ ഈ കേസ് സിബിഐക്ക് വിട്ട സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘം വിശദമായ അന്വേഷണമാണ് നടത്തിയത്. ക്ലിഫ് ഹൗസിൽ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാർ, പേഴ്സണൽ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. ആ അന്വേഷണത്തിൽ പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസിൽ വന്നായി ആരും മൊഴി നൽകിയിരുന്നില്ല. വർഷങ്ങള്‍ കഴിഞ്ഞതിനാൽ ടൂർ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴു വർഷം കഴിഞ്ഞതിനാൽ ഫോണ്‍ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് മൊബൈൽ കമ്പനികൾ രേഖാമൂലം അറിയിക്കുകയും ചെയ്തു. പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളൊന്നും ഇല്ലെന്ന് അന്വേഷണ സംഘം പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ, ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സരിതാ നായരെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയ പിണറായി വിജയൻ പിന്നീട് കേസന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്ക് ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്നിട്ടും അതേക്കുറിച്ച് യാതൊരു അന്വേഷണത്തിനും തയാറാകാത്ത സർക്കാരിന്റെ നടപടി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി സി.ആർ.പി.സി 164 പ്രകാരമുള്ള കുറ്റസമ്മതത്തിനു തുല്യമാണ്. ഇത് തെളിവായി കോടതി പരിഗണിക്കും. മുഖ്യമന്ത്രി യു.എ.ഇ സന്ദർശിക്കുന്നതിനു മുന്നോടിയായി നയതന്ത്ര ചാനൽ വഴി ഒരു പാക്കറ്റ് കൊണ്ടുപോയെന്നാണ് സ്വർണക്കടത്തു പ്രതി സ്വപ്‌നയുടെ വെളിപ്പെടുത്തൽ. അതിഥികൾക്കുള്ള സമ്മാനമെന്ന പേരിലാണ് പാക്കറ്റ് കൊടുത്തയച്ചത്. എന്നാൽ, അത് വിദേശ കറൻസി ആയിരുന്നെന്നാണ് സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിദേശ നാണ്യ വിനിമയ ചട്ടലംഘനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെടാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ മൗനം പാലിക്കുന്നത് സിപിഎം-ബിജെപി കൂട്ടുകെട്ടിലെ ഗൂഢാലോചനയാണെന്ന സംശയം ഉയർന്നിട്ടുണ്ട്. കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രനെയും ഡോളർ കടത്തിൽ പിണറായി വിജയനെയും രക്ഷിക്കുന്ന പരസ്പര ധാരണയാണ് ഇതെന്നാണ് പ്രതിപക്ഷ ആരോപണം.

Exit mobile version