Pravasimalayaly

സോണിയ ഗാന്ധി തുടരും

ന്യൂ ഡൽഹി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ആറ് മാസത്തിനകം പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തീരുമാനമായി. അതുവരെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും അതിനായി ഒരു കമ്മറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

കോണ്‍ഗ്രസിനെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതോടെയാണ് പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനായി ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രണ്ട് വിഭാഗമായി തിരിഞ്ഞ് ഭിന്നത രൂക്ഷമായി. കത്തെഴുതി നിലപാട് പരസ്യമാക്കിയ നേതാക്കളുടെ നിലപാടിനെച്ചൊല്ലിയാണ് ഭിന്നത രൂക്ഷമായത്. കത്തെഴുതിയ നേതാക്കള്‍ ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ തുറന്നടിച്ചു. ഇതോടെ കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നു. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്ന് തെളിഞ്ഞാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദ് തുറന്നടിച്ചിരുന്നു.

താന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് യോഗം തുടങ്ങിയപ്പോള്‍ തന്നെ സോണിയ ഗാന്ധി അറിയിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സോണിയയെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു

Exit mobile version