അശ്ലീല സംസാരം, മസാജ് റൂമില്‍ ലൈംഗിക പീഡനം; സ്പാ സെന്ററിനെതിരെ പരാതിയുമായി ജീവനക്കാരി, കേസ്

0
27

കൊച്ചി: മസാജ് സെന്ററില്‍ ഉടമയും കസ്റ്റമര്‍മാരും ലൈംഗികമായി ഉപദ്രവിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി വൈക്കം പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു. 

സെന്ററില്‍ ടെലി കോളര്‍ ആയി ജോലി ചെയ്തിരുന്ന യുവതി മെയ് പത്തിനു നല്‍കിയ പരാതി വൈക്കം പൊലീസ് കടവന്ത്ര സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് സ്പാ സെന്ററിന്റെ ഉടമകളില്‍ ഒരാള്‍ തന്നോട് അശ്ലീല സംഭാഷണത്തിനു മുതിര്‍ന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോള്‍ മോശമായി പെരുമാറുകയായിരുന്നു. മറ്റൊരു ഉടമയായ സ്ത്രീയോട് ഇതേക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ പറയുന്നു.

മസാജ് റൂമിലേക്കു ചെല്ലാന്‍ ഉടമകള്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നു. അവിടെ വച്ച് പലവട്ടം കസ്റ്റമര്‍ ലൈംഗികമായി ഉപദ്രവിച്ചു. തന്റെ നഗ്നചിത്രങ്ങള്‍ കൈശമുണ്ടെന്നു പറഞ്ഞ് ഉടമകള്‍ ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സ്ഥാപനം വിടാന്‍ തീരുമാനിച്ചപ്പോഴും ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.

ഉടമകള്‍ക്കെതിരെ ബലാത്സംഗം, സ്ത്രീയുടെ അന്തസ്സിനെ ഹനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യമാണോ സ്ഥാപനത്തില്‍ നടക്കുന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്ന് ഉടമയായ സ്ത്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. സ്പായില്‍ എത്തുന്നവരുടെ ലൈംഗിക വൈകൃതങ്ങള്‍ക്കു പരാതിക്കാരി നിന്നുകൊടുക്കേണ്ടിവന്നിട്ടുണ്ടെന്നാണ് മൊഴിയില്‍ നിന്നു വ്യക്തമാവുന്നതെന്ന് കോടതി പറഞ്ഞു. 

Leave a Reply