യുകെയിൽ നിന്നും സ്പെഷ്യൽ റിപ്പോർട്ടർ രാജു ജോർജ്
ജീവിതത്തിന്റെ ഏറിയ പങ്കും പ്രവാസി രാജ്യങ്ങളിൽ ചോര നീരാക്കി അധ്വാനിച്ച് തന്റെ കുടുംബത്തോടൊപ്പം രാജ്യത്തിന്റെ നിർമ്മിതിയ്ക്ക് നട്ടെല്ലായ വിദേശ വരുമാനവും എത്തിയ്ക്കുന്നവരാണ് പ്രവാസികൾ. കോവിഡ് കാലഘട്ടത്തിൽ വിവിധ തരത്തിൽ ചർച്ചയിൽ നിറഞ്ഞതും പ്രവാസികൾ തന്നെയാണ്. അവയിൽ ചിലത് ഉള്ള് പൊള്ളിച്ചുവെങ്കിലും നാടിനും കുടുംബത്തിനും വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന ഒരുപറ്റം പ്രവാസികളുടെ കൂട്ടായ്മയാണ് സൊസൈറ്റി ഫോർ പ്രവാസി എയ്ഡ് ആൻഡ് റീഹാബിലിറ്റേഷൻ ഓഫ് കേരളൈറ്റ്സ് (സ്പാർക്ക്).

പേര് പോലെ തന്നെ പ്രവാസികളുടെ ക്ഷേമവും പുനരധിവാസവുമാണ് സ്പാർക്കിന്റെ ഉദ്ദേശ്യലക്ഷ്യം. ഇതിനായി നിരവധി നിക്ഷേപ പദ്ധതികൾ സ്പാർക്സ് നടപ്പിലാക്കും.
കേരളത്തിന് പുറത്ത് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികൾക്കാണ് അംഗത്വത്തിന് അവസരം. പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി ജോലി ചെയ്യാൻ തയ്യാറുള്ള അംഗങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അംഗങ്ങൾക്ക് ലൈഫ് ഇൻഷുറൻസ്, തൊഴിൽ ഇൻഷുറൻസ് തുടങ്ങിയ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം പ്രൊഫഷനുകളുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് വരുമാനം നിക്ഷേപത്തിലൂടെ കണ്ടെത്താൻ സഹായിക്കുന്നത് സ്പാർക്ക് മുൻപോട്ട് വയ്ക്കുന്ന നൂതന ആശയങ്ങളിലൊന്നാണ്.

പ്രവാസികളുടെ തൊഴിൽ നൈപുണ്യ ശേഷിയ്ക്ക് അനുയോജ്യമായ തൊഴിൽ സാധ്യതകളും സംരംഭങ്ങളും ആരംഭിക്കും. സർവീസ് മേഖലകൾ, ചെറുകിട ഇടത്തരം വ്യവസായങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, ട്രെയിനിംഗ് സെന്ററുകൾ, കൃഷി, വിദ്യാഭ്യാസം, ബാങ്കിംഗ് തുടങ്ങിയവയിൽ പ്രവാസി നിക്ഷേപം സാധ്യമാക്കുവാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ഇത്തരം നിക്ഷേപങ്ങളിൽ മുതലാളികളും തൊഴിലാളികളും പ്രവാസികൾ തന്നെ ആയി മാറുന്ന ബ്രഹദ് സംരംഭമാണ് സ്പാർക്ക് പ്രവാസികൾക്കായി അവതരിപ്പിക്കുന്നത്.
സാമ്പത്തിക ഉന്നമനത്തോടപ്പം അംഗങ്ങൾക്കും അവരുടെ കുടുംബാങ്ങങ്ങൾക്കും സഹായം എത്തിയ്ക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്പാർക്ക് മുൻതൂക്കം നൽകുന്നു.
കോവിഡ് 19 പശ്ചാത്തലത്തിൽ പ്രവാസികളുടെ ഭാവിയെ സംബന്ധിച്ച ആകുലതകൾക്ക് അവസാനമാകുവാൻ സ്പാർക്കിന്റെ പദ്ധതികൾ ഉപകരിക്കും. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങാവുന്ന സ്പാർക്ക് വലിയ ചലനങ്ങൾ സൃഷ്ടിച്ചു മുന്നേറട്ടെ.

സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ലോക രാജ്യങ്ങളിലെ മലയാളികളെ ഏകോപിപ്പിക്കുകയും പിന്നീട് സൊസൈറ്റി രജിസ്റ്റർ ചെയ്യുമെന്നും വാർത്ത സമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു.
റിയാദിൽ നിന്ന് പ്രസിഡന്റ് സേവ്യർ കടുന്നക്കരി, സെക്രട്ടറി ഷെറിൻ ജോസഫ്, വൈസ് പ്രസിഡന്റ് യുകെയിൽ നിന്നും ടോമി ജോർജ്, ജോയിൻ സെക്രട്ടറി മുജീബ് റഹ്മാൻ റിയാദ്, ട്രഷറർ ജോജി മാത്യു റിയാദ്, മീഡിയ ഇൻ ചാർജ് റിനു തോമസ് യു കെ എന്നിവർ പങ്കെടുത്തു