തിരുവനന്തപുരം:മധുരമൂറുന്ന ചക്ക കേക്കില്‍ മനം നിറഞ്ഞ് സ്പീക്കര്‍ എം ബി രാജേഷ്, ഏതുപായസത്തെയും വെല്ലും ചക്ക പ്രഥമനെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഴ്ചച്ചന്തയുടെ ഭാഗമായി ചൊവ്വാഴ്ച പി ആന്റ് ടി ഹൗസില്‍ ഒരുക്കിയ ചക്കമഹോത്സവത്തിലാണ് എം ബി രാജേഷും ശോഭന ജോര്‍ജും ചക്ക വിഭവങ്ങളുടെ രുചിയേപ്പറ്റി വാചാലരായത്.
ആനാട് ഇക്കോ ഷോപ്പിന്റെയും ആനാട് കൃഷി ഭവന്റെയും സഹകരണത്തോടെയാണ് ആഴ്ചച്ചന്ത സംഘടിപ്പിച്ചിട്ടുള്ളത്. ചക്ക കേക്കിനും പ്രഥമനും കൂടാതെ ചക്കകൊണ്ടുള്ള ബജി, കട്‌ലറ്റ്, പുഴുക്ക്, ഉടച്ചകറി, അവിച്ച ചക്ക, പായസം, പഴം, വറുത്തത് അടക്കമുള്ള വിഭവങ്ങളുമായാണ് കര്‍ഷകര്‍ എത്തിയത്. സ്പീക്കര്‍ എം ബി രാജേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ശോഭന ജോര്‍ജ്, പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളായ സുരേഷ് വെള്ളിമംഗലം, ബി അഭിജിത്. അനുപമ ജി നായര്‍, ആര്‍ കിരണ്‍ബാബു, ടി ശിവജികുമാര്‍, എ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കായി ഖാദി ബോര്‍ഡ് നല്‍കിയ 500 സര്‍ജിക്കല്‍ മാസ്‌കും അഞ്ചുലിറ്റര്‍ സാനിറ്റൈസറും ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി നല്‍കിയ 1000 സര്‍ജിക്കല്‍ മാസ്‌കും സ്പീക്കര്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് കൈമാറി. ചേംബര്‍ ഓഫ് കോമേഴ്‌സ് ഡയറക്ടര്‍ എം റസീഫും സന്നിഹിതനായി.