Saturday, September 21, 2024
HomeNewsസ്പീക്കർക്കെതിരേ കൊണ്ടുവന്ന അവിശ്വാസം തള്ളി

സ്പീക്കർക്കെതിരേ കൊണ്ടുവന്ന അവിശ്വാസം തള്ളി

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സംശയ നിഴലിലാവുകയും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം പുലര്‍ത്തുകയും ചെയ്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. ശ്രീരാമകൃഷ്ണനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അംഗം എം ഉമ്മര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച രണ്ടുമണിക്കൂറാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഭരണ-പ്രതിപക്ഷ വാഗ്വാദത്തില്‍ മൂന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടു. ഇതിനിടെ നാടകീയ രംഗങ്ങളും അരങ്ങേറി. മറുപടി നല്‍കേണ്ട സ്പീക്കര്‍ പ്രമേയ അവതരണ വേളയില്‍ സഭയിലെത്താതിരുന്നതിനെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെസി ജോസഫ് വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയിലെത്തിയത്. അപൂര്‍വമായ കാഴ്ചക്കും സഭാതലം സാക്ഷ്യം വഹിച്ചു. പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്ത് ഡെപ്യൂട്ടി സ്പീക്കറുടെ ഇരിപ്പിടത്തിലായിരുന്നു ഇന്നലെ സ്പീക്കറുടെ സ്ഥാനം. പകരം സമ്മേളനം നിയന്ത്രിച്ചത് ഡെപ്യൂട്ടി സ്പീക്കറും.
അവിശ്വാസ പ്രമേയത്തില്‍ തടസവാദം ഉന്നയിച്ച് എസ് ശര്‍മ തുടക്കത്തിലേ രംഗത്തുവന്നു. എന്നാല്‍ സാങ്കേതിക വാദങ്ങള്‍ ചൂണ്ടിക്കാട്ടി നിരാകരിക്കുന്നില്ലെന്ന് അറിയിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അവതരണത്തിന് അനുമതി നല്‍കുകയായിരുന്നു. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ശക്തമായ വാദങ്ങളാണ് സഭയില്‍ ഉന്നയിക്കപ്പെട്ടത്. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരു ഒത്തുചേരുന്നതിനാല്‍ ശ്രീരാമകൃഷ്ണനെ പിന്തുണച്ച് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബിജെപി അംഗം ഒ. രാജഗോപാലും ഇന്നലെ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞുവെന്നതാണ് ശ്രദ്ധേയം. 17 വര്‍ഷത്തിന് ശേഷമാണ് സ്പീക്കര്‍ക്കെതിരെ കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ഉയര്‍ന്നുവന്നത്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ ആരോപണങ്ങളാണ് സ്പീക്കര്‍മാര്‍ക്കെതിരെ ഉയര്‍ന്നിരുന്നതെങ്കില്‍ ഡോളര്‍ക്കടത്ത് കേസും സഭയിലെ അഴിമതിയും ധൂര്‍ത്തുമായിരുന്നു ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നത് എന്നതായിരുന്നു ഇന്നലത്തെ അവിശ്വാസ പ്രമേയത്തെ ഗൗരവതരമാക്കിയത്.
മുഖ്യമന്ത്രിയും ഭരണപക്ഷാംഗങ്ങളും ശ്രീരാമകൃഷ്ണനെ പിന്തുണച്ചും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചും രംഗത്തുവന്നു. ഒടുവില്‍, പ്രതിപക്ഷം അവിശ്വാസ പ്രമേയത്തില്‍ നിരത്തിയ കുറ്റപത്രത്തിന് തൊട്ടും തൊടാതെയും ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസ പ്രമേയം തള്ളി. ഇതില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
സ്പീക്കറെ ജയിലില്‍ അടയ്ക്കാനോ അദ്ദേഹത്തിനെ വ്യക്തിപരമായി വിമര്‍ശിക്കാനോ ഉദ്ദേശിച്ചല്ല പ്രമേയം അവതരിപ്പിക്കുന്നതെന്ന ആമുഖത്തോടെയാണ് എം ഉമ്മര്‍ പ്രസംഗം ആരംഭിച്ചത്. എന്നാല്‍, സഭയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷുമായി ബന്ധമുണ്ടെന്ന് പരസ്യമായി സ്പീക്കര്‍ തന്നെ സമ്മതിച്ചതാണ്. ഡോളര്‍ കടത്തുമായി സ്പീക്കര്‍ക്ക് ബന്ധമുണ്ടെന്ന് മൊഴി നല്‍കിയത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ്. സ്പീക്കറുടെ ചിത്രം ഉള്‍പ്പെടെ ഡോളര്‍ കടത്ത് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വന്നിട്ടും നിയമനടപടിയോ മാനനഷ്ടക്കേസോ നല്‍കാത്തത് എന്തുകൊണ്ടാണെന്നും ഉമ്മര്‍ ചോദിച്ചു.
ഇതിനിടെ, ഉമ്മറിന്റെ നോട്ടീസിന്റെ ഡ്രാഫ്റ്റിനെ പരിഹസിച്ച് ജി സുധാകരന്‍ ക്രമപ്രശ്‌നം ഉന്നയിച്ചു. അടുത്ത തവണ ഡ്രാഫ്റ്റ് ഉണ്ടാക്കുമ്പോള്‍ സുധാകരനെ ഏല്‍പ്പിക്കാമെന്ന് ഉമ്മര്‍ തിരിച്ചടിച്ചതോടെ ഭരണപക്ഷം ബഹളം ആരംഭിച്ചു. കളിയാക്കിയാല്‍ തിരിച്ചു കളിയാക്കാനറിയാമെന്നും പ്രതിപക്ഷത്തിന്റെ തലയില്‍ക്കയറാമെന്ന് കരുതേണ്ടെന്നും ഉമ്മര്‍ പറഞ്ഞതോടെ ജി സുധാകരന്‍ സീറ്റില്‍ ഇരുന്നു. ഗവര്‍ണര്‍ സഭയില്‍ നയപ്രഖ്യാപനം നടത്തുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റംസ് അയ്യപ്പനെ വിളിപ്പിച്ചത് നിയമസഭയില്‍ കയറാനുള്ള പാസ് ചോദിക്കാനായിരുന്നില്ല. സാമാജികരുടെ പ്രിവിലേജ് ദുരുപയോഗം ചെയ്ത് പേഴ്‌സണല്‍ സ്റ്റാഫിനെ സംരക്ഷിക്കാന്‍ നോക്കിയ സ്പീക്കറുടെ നടപടി സഭയുടെ ആഭിജാത്യം തകര്‍ത്തു. മികച്ച സ്പീക്കറെന്ന പ്രശംസാ പത്രം പൊക്കിപ്പിടിച്ചാണ് ശ്രീരാമകൃഷ്ണന്‍ ആരോപണങ്ങളെ നേരിടുന്നത്. ജനങ്ങള്‍ വായിക്കുന്നത് പ്രശംസാ പത്രമല്ല, സ്പീക്കര്‍ക്കെതിരെ വാര്‍ത്ത വന്നുകൊണ്ടിരിക്കുന്ന പത്രങ്ങളാണെന്നും ഉമ്മര്‍ പറഞ്ഞു. ശങ്കര നാരായണന്‍ തമ്പി ഹാള്‍ നവീകരണത്തിലും സഭാ ടിവിയുടെ നടത്തിപ്പിലും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയിലും സ്പീക്കര്‍ ഇടപെട്ട് നടത്തിയ അഴിമതിയും ധൂര്‍ത്തും എം ഉമ്മര്‍ കണക്കുകള്‍ ഉദ്ധരിച്ച് സഭയില്‍ നിരത്തി.
പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.കെ മുനീര്‍, പിടി തോമസ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരും സ്പീക്കര്‍ക്കെതിരെ ശക്തമായ വാദങ്ങളുയര്‍ത്തി. ഇതിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് വാദിച്ചു. സ്പീക്കറുടെ മറുപടിയിലും താന്‍ വിശുദ്ധനാണെന്ന വാദമാണ് മുന്നില്‍ നിന്നത്. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പിന് നില്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments