Pravasimalayaly

എകെജി സെന്ററിന് നേരയുണ്ടായ ആക്രമണം;അസിസ്റ്റന്റ് കമ്മീഷണര്‍ ഡിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കും

എകെജി സെന്ററിന് നേരയുണ്ടായ ആക്രമണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍. ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ഡിനിലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. സൈബര്‍ സെല്‍ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 12 അംഗങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

നിലവില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അക്രമിച്ച പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുവരെ നാല് സിസി ടിവി ദൃശ്യങ്ങളാണ് കിട്ടിയത്. ഇതില്‍ പ്രതിയുടെ മുഖമോ വണ്ടിയുടെ നമ്പറോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേര്‍ക്ക് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ പിന്‍ഭാഗത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്. ഇരുചക്രവാഹനത്തിലെത്തിയവരാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളുമുണ്ട്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

Exit mobile version