Monday, July 8, 2024
HomeNewsചിത്രവധക്കൂട് ‌

ചിത്രവധക്കൂട് ‌

ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി. “ചിത്രവധം” എന്നാണ് പേര് ; ചിത്രം എന്നാല്‍ പക്ഷി. അതിക്രൂരമായി വേദനിപ്പിച്ച്, വളരെ സാവധാനം കുറ്റവാളികളെ വധിക്കുന്ന രീതിയെ പൊതുവിൽ ചിത്രവധം എന്ന് പറയാറുണ്ട്.

ശിക്ഷിക്കപ്പെട്ട ആളെ പോസ്റ്റിൽ കാണുന്ന ഇരുമ്പ് കൂട്ടിലാക്കി കൊട്ടാര മുറ്റത്തുള്ള പ്ലാവിൽ കെട്ടി തൂക്കിയിടുന്നു ,താഴെ കൂട്ടിൽ കഴുകന്മാരെ പട്ടിണിക്കിടുന്നു. പട്ടിണി കിടന്ന് വിശന്ന് അവശന രായ കഴുകന്മാരെ തുറന്നു വിടുന്നതോടു കൂടി മരത്തിൽ ഇരുമ്പ് കൂട്ടിൽ കിടക്കുന്ന മനുഷ്യനെ ഇരയായി കണ്ട്, ജീവനുള്ള മനുഷ്യനെ കൊത്തി തിന്ന് കൊലപ്പെടുത്തി ശിക്ഷാവിധി നടപ്പിലാക്കുന്നു. കഴുകന്മാരുടെ ചുണ്ടുകൾ പച്ചമാംസം മുറിച്ച് തിന്നാൻ വേണ്ടുന്ന വിധം മൂർച്ചയേറിയതാണ്. പദ്മനാഭപുരം കൊട്ടാരത്തില്‍ “ചിത്രവധ” ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു എന്നാണ്.

ആസ്ട്രിയന്‍ പുരോഹിതനായിരുന്ന ബര്‍ത്തലോമിയോ എഴുതിയ “ഈസ്റ്റിന്തീസ് പര്യടനം “(1867-ൽ) എന്ന പുസ്തകത്തില്‍ കഴുവേറ്റലിനെക്കുറിച്ചുള്ള ഒരു വിവരണമുണ്ട്. മുതുകിന്റെ അടിയില്‍ നിന്ന് കഴുത്തറ്റം കൂര്‍ത്ത ഒരു ഇരുമ്പുകമ്പി കയറ്റി അതിന്റെ താഴത്തെയറ്റം ഒരു തൂണില്‍ ചേര്‍ത്തു തറച്ച് സ്റ്റൂളില്‍ നിര്‍ത്തുന്നതാണ് കഴുവേറ്റലിന്റെ രീതി. മൂന്നു ദിവസമെടുക്കും ദാഹിച്ചും വിശന്നും വേദനിച്ചും എരിപിരി കൊണ്ട് അയാള്‍ മരിക്കാന്‍. മൂന്നു തേങ്ങ മോഷ്ടിച്ചതിനായിരുന്നു, കൊല്ലം, ലക്ഷ്മീനടയില്‍ നടന്ന ഈ കഴുവേറ്റല്‍. ഒരു പശുവിനെ കൊന്ന കുറ്റത്തിന് അമ്പലപ്പുഴയ്ക്കടുത്ത് ഒരു വൃക്ഷത്തില്‍ അഞ്ചുപേരെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടെന്നും ബര്‍ത്തലോമിയോ എഴുതിയിട്ടുണ്ട്.

തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ ഇടുക, തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു.

യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തില്‍ ഏകീകൃത നീതിപാലന സമ്പ്രദായമോ അതിന് നിയമസംഹിതയോ ഉണ്ടായിരുന്നില്ല. സ്മൃതികളെയും ശാസനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ശിക്ഷാരീതികളാണ് അതിന് മുമ്പ് രാജാക്കന്മാരും നാടുവാഴികളും നടപ്പിലാക്കിയിരുന്നത്. അതുതന്നെ ഒരേ കുറ്റത്തിന് ജാതി നോക്കി രണ്ട് തരം ശിക്ഷാരീതികളായിരുന്നു.

13-ആം ശതകത്തിലാണ്‌ ശുചീന്ദ്രത്ത്‌ കൈമുക്ക്‌ പരീക്ഷ തുടങ്ങിയത്‌. ശുചീന്ദ്രത്ത്‌ താമസം തുടങ്ങിയ നമ്പൂതിരിമാരാണ്‌ കൈമുക്ക്‌ അവിടെ ഏർപ്പെടുത്തിയത്‌. സ്മാർത്ത വിചാരത്തിന്റെ തുടർച്ചപോലെയുള്ള ഈ ആചാരം നമ്പൂതിരി സ്ത്രീകളുടെ സദാചാര പരിശോധനയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു ശുചീന്ദ്രം രേഖകളിൽ പറയുന്നു. 1846-ൽസ്വാതിതിരുനാള്‍ തിരുവിതാംകൂറില്‍ പ്രാകൃതമായ ഈ ശിക്ഷാരീതി നിര്‍ത്തലാക്കി. എന്നാൽ അവർണ്ണർക്കായുള്ള ചിത്രവധവും തൂക്കിക്കൊല്ലപ്പെടുന്നവന്റെ കുതികാല് വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി പിന്നീടും ദശാബ്ദങ്ങളോളം നിലനിന്നതായി പുരാരേഖകള്‍ പറയുന്നു.

ഇംഗ്ലീഷ്‌ ഡോക്ടറായ ബെല്ലയും ഡോക്ടര്‍ റാസയും നൽകിയ റിപ്പോര്‍ട്ട് പ്രകാരം 1880-ൽ ബ്രിട്ടീഷ്കാരുടെ സമ്മർദ്ധത്തെതുടർന്ന് ആയില്യം തിരുനാൾ ചിത്രവധം നിർത്തലാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments