Pravasimalayaly

വിചിത്രമായ വാഹനം ഒരു ഇലക്ട്രിക് ജീപ്പ്

വിചിത്രമായ വാഹനം. ഒരു ഇലക്ട്രിക് ജീപ്പ്. അതും 1971ലേത്. വാഹനത്തിലിരിക്കുന്നത് ഡേവിഡ് സ്കോട്ട്.
ഇത്രയും കേട്ടിട്ട് വലിയ പ്രശ്നമൊന്നും തോന്നിയില്ലല്ലോ. പക്ഷേ രസകരമായ കാര്യം ഇതൊന്നുമല്ല. ഈ ജീപ്പും ഡേവിഡും ഇങ്ങ് ഭൂമിയിൽ ആയിരുന്നില്ല. പകരം ചന്ദ്രനിലായിരുന്നു!!!
അതേ, അപ്പോളോ 15 എന്ന ദൗത്യത്തിൽ ചന്ദ്രനിൽ ഇറങ്ങിയ ഡേവിഡ് സ്കോട്ട് ഒരു കാര്യം കൂടി ചെയ്തു. കൂടെ കൊണ്ടുവന്ന ഈ വൈദ്യുതവാഹനം ചന്ദ്രനിൽ ഓടിച്ചു! ഭൂമിക്കു പുറത്ത് ഒരാൾ ആദ്യമായി വാഹനമോടിച്ച നിമിഷം! അതിനിടയിൽ എടുത്ത ചിത്രമാണിത്. ഒന്നോ രണ്ടോ കിലോമീറ്ററൊന്നുമല്ല രണ്ടുപേരെ വഹിച്ച് ഈ വാഹനം സഞ്ചരിച്ചത്. ഏതാനും തവണകളായി ആകെ 28കിലോമീറ്ററോളം ചന്ദ്രനിൽ ഓടി ഈ ലൂണാർ റോവർ!
അപ്പോളോ 15 ചന്ദ്രനിലെത്തിയതിന്റെ അൻപതാം വാർഷികമായിരുന്നു ഇന്നലെ. 1971 ജൂലൈ 30നായിരുന്നു പേടകവും രണ്ട് ആസ്ട്രനോട്ടുകളും ചന്ദ്രനിലെത്തിയത്. ഡേവിഡ് സ്കോട്ടും ജയിംസ് ഇർവിനും ചന്ദ്രനിൽ ഇറങ്ങി. ആൽഫ്രഡ് വോഡൻ എന്ന ആസ്ട്രനോട്ട് അതേ സമയം ചന്ദ്രനു ചുറ്റും കമാന്റ് മോഡ്യൂളിൽ കറങ്ങിക്കൊണ്ടിരുന്നു.
പതിനെട്ടര മണിക്കൂറാണ് ഇരുവരും ചന്ദ്രനിൽ ചിലവഴിച്ചത്. കുറെയധികം സമയം വാഹനമോടിക്കുകയും ചെയ്തു. ഏതാണ്ട് നൂറു കിലോമീറ്ററോളം ഓടാൻ കഴിയുന്ന ഇലക്ട്രിക് ജീപ്പായിരുന്നു അവരുടേത്. പിന്നീട് 77 കിലോഗ്രാം പാറയും മണ്ണും ഒക്കെ ശേഖരിച്ച് സമാധാനത്തോടെ ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു. ജീപ്പിനെയും മറ്റ് പല ഉപകരണങ്ങളെയും അവർ ചന്ദ്രനിൽ ഉപേക്ഷിച്ചിട്ടാണ് പോന്നത്. ഇന്നും വലിയ കേടുപാടുകളൊന്നും കൂടാതെ ആ ജീപ്പും മറ്റ് ഉപകരണങ്ങളും ചന്ദ്രനിൽത്തന്നെയുണ്ട്.

ഈ ജീപ്പ് മാത്രമല്ലാട്ടോ ഇന്ന് ചന്ദ്രനിലുള്ളത്. അപ്പോളോ 16നും 17ലുമായി രണ്ടു ജീപ്പുകൾ കൂടി ചന്ദ്രനിൽ എത്തിയിരുന്നു. 1972ൽ ചന്ദ്രനിലെത്തിയ അപ്പോളോ 17ലെ ജീപ്പ് അവിടെ ഓടിയത് 35.7 കിലോമീറ്ററാണ്!

Exit mobile version