Pravasimalayaly

സ്വര്‍ണക്കടത്ത് വിവാദം വീണ്ടും നിയമസഭയില്‍; സബ്മിഷന്‍ അനുവദിച്ചില്ല; മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് വിഡി സതീശന്‍

സ്വര്‍ണകടത്ത് വിവാദം വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം സ്പീക്കര്‍ അനുവദിച്ചില്ല. സബ്മിഷന്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ക്രമപ്രശ്നം ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.യുഎഇ കോണ്‍സുലേറ്റ് കേരളത്തിന്റെ പ്രാഥമിക പരിഗണനയില്‍ വരാത്തതാണ് എന്ന സാങ്കേതിക പ്രശ്നം ഉള്ളതിനാല്‍ സബ്മിഷന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരിക്കല്‍ അനുവദിച്ചാല്‍ അത് കീഴ്വഴക്കമായി മാറുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

കോണ്‍സുലേറ്റ് കേന്ദ്ര ലിസ്റ്റിലായതിനാല്‍ സബ്മിഷന്‍ നോട്ടിസ് ചട്ടങ്ങളുടെ ലംഘനമാണെന്നു മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. കോണ്‍സുലേറ്റ് പിരിച്ചു വിടണമെന്നല്ല സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. സഭയില്‍ നടന്നത് നാടകമാണ്. സംസ്ഥാനത്ത് നടന്ന ഗൗരവകരമായ വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ആരാണ് വിദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവന്നത് എന്ന ചോദ്യത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നില്ല. മുഖ്യമന്ത്രി ഭയപ്പെടുന്നതുകൊണ്ടാണ് സ്പീക്കര്‍ അംഗീകരിച്ച് ലിസ്റ്റ് ചെയ്ത സബ്മിഷന്‍ ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുന്നതെന്നും സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ നടക്കാന്‍ പാടില്ലാത്തതു പലതും സംഭവിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു പ്രതിപക്ഷം സബമിഷന് പ്രതിപക്ഷനേതാവ് നോട്ടീസ് നല്‍കിയത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതിനാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്ന് നിയമമന്ത്രി പറഞ്ഞു. നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയമാണെന്ന് മാത്യു ടി തോമസും നിയമസഭയെ അറിയിച്ചു. ക്രമപ്രശ്നം ചുണ്ടിക്കാട്ടി സബ്മിഷന് അനുമതി നല്‍കരുതെന്ന് ഭരണപക്ഷം രംഗത്തെത്തുകയും ചെയ്തു.

Exit mobile version