പീഡന പരാതിയിൽ ഒളിവിലായിരുന്ന വ്‌ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.കൊച്ചിയിലെ ഫ്‌ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തൻറെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹർജിക്കാരൻറെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്. ബലാൽസംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം സമൂഹ മാധ്യമങ്ങൾ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതിയും നൽകി.