ശ്രീലക്ഷ്മിയുടെ മരണം: വാക്‌സീനെടുത്തതിലോ ഗുണനിലവാരത്തിലോ കുഴപ്പമില്ല, അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

0
27

പാലക്കാട് പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ വാക്‌സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിൻറെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛൻ സുഗുണൻ. ആഴക്കൂടതലുളള മുറിവാണ്, പേവിഷ ബാധയ്ക്ക് കാരണമെന്ന DMOയുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയൽവാസിയുടെ വളർത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതൽ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേ വിഷബാധയേൽക്കാനും ഇതാകാം കാരണം എന്നായിരുന്നു ഡിഎംഒ പറഞ്ഞത്.

വാക്‌സീൻ എടുത്തതിൽ അപാകതയില്ലെന്നും സീറം എടുത്തതും കൃത്യസമയത്ത് തന്നെയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാക്‌സീന്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക.

അതേസമയം ഡിഎംഒയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ. മകൾ മരിച്ചതിന് ശേഷമാണോ മുറിവിൻറെ ആഴമളക്കേണ്ടത് എന്ന് ചോദിക്കുന്നു സുഗുണൻ. ചികിത്സ തേടിയപ്പോഴും, വാക്‌സീൻ എടുത്തപ്പോഴും ഇത്തരം വിവരങ്ങൾ എന്ത് കൊണ്ട് അറിയച്ചില്ല , വിദഗ്ധ നിർദേശങ്ങൾ തന്നില്ല അങ്ങനെ ചോദ്യങ്ങൾ പലത് ഉയർത്തുന്നു ശ്രീലക്ഷ്മിയുടെ അച്ഛൻ.

Leave a Reply