മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറ സംഭവം; നടന്‍ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

0
41


ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്.യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. ഇന്ന് പ്രാഥമിക മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയില്‍ ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. ഈ മാസം 22ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും.

എന്നാല്‍ താന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. തന്റെ ഭാഗത്തു നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. തന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു. മറ്റൊരു റേഡിയോ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും അതിനിടെ പുറത്തു വന്നിരുന്നു.

Leave a Reply