Monday, September 30, 2024
HomeNewsKeralaശ്രീനിവാസന്‍ വധക്കേസ്: നാലു പേര്‍ കസ്റ്റഡിയില്‍; കൊലപാതകം ആസൂത്രണം ചെയ്തത് മോര്‍ച്ചറിക്ക് പിന്നില്‍ വെച്ച്: എഡിജിപി

ശ്രീനിവാസന്‍ വധക്കേസ്: നാലു പേര്‍ കസ്റ്റഡിയില്‍; കൊലപാതകം ആസൂത്രണം ചെയ്തത് മോര്‍ച്ചറിക്ക് പിന്നില്‍ വെച്ച്: എഡിജിപി

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതവുമായി ബന്ധപ്പെട്ട് നാലുപേര്‍ കസ്റ്റഡിയിലുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. ബിലാല്‍, റിസ്‌വാന്‍, സഹദ്, റിയാസ് ഖാന്‍ എന്നിവരാണ് പിടിയിലായത്. നാലുപേരും പാലക്കാട് ജില്ലക്കാരാണ്. കൊലപാതകത്തിന് സഹായിച്ചവരാണ് ഇവരെന്നും എഡിജിപി പറഞ്ഞു. 

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട ദിവസം പ്രതികള്‍ തിരിച്ചടിയായി കൊലപാതകം ആസൂത്രണം ചെയ്തു. ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പുറകില്‍ വെച്ചാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് എഡിജിപി പറഞ്ഞു. കുറ്റകൃത്യത്തില്‍ 16 പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിജയ് സാഖറെ സൂചിപ്പിച്ചു.

അതിനിടെ, കൊലയാളി സംഘത്തിലുള്‍പ്പെട്ടവര്‍ അടക്കം അഞ്ചുപേര്‍ പിടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പൊലീസിന്റെ പിടിയിലായി എന്നാണ് വിവരം. എന്നാല്‍ പിടിയിലായവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല. 

ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശ്രീനിവാസന് മുമ്പ് മറ്റ് ആര്‍എസ്എസ് നേതാക്കളെയും പ്രതികള്‍ ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒന്ന് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments