Sunday, November 17, 2024
HomeNewsമലയാളികളുടെ സ്വന്തം ശ്രീ ശങ്കര്‍ ലോക പോരാട്ടത്തിന്

മലയാളികളുടെ സ്വന്തം ശ്രീ ശങ്കര്‍ ലോക പോരാട്ടത്തിന്

തേഞ്ഞിപ്പലം: ജംപിംഗ് പിറ്റില്‍ ലോക പോരാട്ടത്തിന് ഒരു മലയാളിയെ സമ്മാനിച്ച് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റ്. അടുത്ത ജൂലൈയില്‍ അമേരിക്കയില്‍ നടക്കുന്ന വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ് ജംപ് പോരാട്ടത്തിന് കേരളത്തിന്റെ സ്വന്തം ശ്രീശങ്കര്‍ യോഗ്യത നേടി. സ്വന്തം പേരിലുള്ള റിക്കാര്‍ഡും തിരുത്തിയാണ് ലോകചാമ്പ്യന്‍പോരാട്ടത്തിന് യോഗ്യത നേടിയത്. മൂന്നാമത്തെ ചാട്ടത്തില്‍ 8.36 മീറ്റര്‍ പിന്നിട്ടതോടെ സ്വന്തം പേരില്‍ 2021-ല്‍ പാട്യാലയില്‍ കുറിച്ച 8.26 മീ്റ്ററെന്ന ദൂരമാണ് പഴങ്കഥയായത്. ഇതോടെ ഈ വര്‍ഷം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇടംപിടിച്ചു. 8.22 മീറ്ററായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ദേശീയ ജംപ്‌സ് മീറ്റില്‍ 8.17 മീറ്റര്‍ മറികടന്ന് ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയുടെ യോഗ്യതാ മാര്‍ക്ക് മറികടന്നിരുന്നു. അന്ന് മത്സരത്തിനിറങ്ങിയത് വീഴ്ച്ചയില്‍ പൊട്ടലേറ്റ കൈയ്യുമായിട്ടായിരുന്നു. പാലക്കാട് സ്വദേശിയായ ശ്രീശങ്കറിനെ പരിശീലിപ്പിക്കുന്നത് പിതാവ് മുരളിയാണ്. റെയില്‍വേ ജീവനക്കാരനായ ഇദ്ദേഹം ആറുമാസമായി അവധിയെടുത്താണ് മകന്റെ പരിശീലനത്തിന് ഒപ്പമുള്ളത്.

റിക്കാര്‍ഡ് ശ്രീശങ്കറിന്
സ്വര്‍ണം ജസ്വിന്‍ ആള്‍ഡ്രിന്

ലോംഗ് ജംപില്‍ മലയാളി താരം ശ്രീശങ്കര്‍ ദേശീയ റിക്കാര്‍ഡ് മറികടന്നെങ്കിലും സുവര്‍ണനേട്ടത്തിന് അവകാശി തമിഴ്‌നാടിന്റെ ജസ്വിന്‍ ആള്‍ഡ്രിന്‍. ജസ്വിന്‍ 8.37 മീറ്റര്‍ ചാടി ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ഈ സമയം കാറ്റിന്റെ വേഗത 4.50 മീറ്ററായിരുന്നു. കാറ്റിന്റെ വേഗത 2.0 മീറ്ററില്‍ കൂടുതല്‍ ഉള്ളപ്പോള്‍ വരുന്ന മത്്‌സരഫലം റിക്കാര്‍ഡ് ആയി കണക്കാക്കില്ല. എന്നാല്‍ മെഡല്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ ജസ്വിന്റെ 8.37 മീറ്റര്‍ ദൂരം റിക്കാര്‍ഡില്‍ ഇടം പിടിച്ചില്ല. ശ്രീശങ്കര്‍ ചാടിയ 8.36 മീറ്റര്‍റിക്കാര്‍ഡ് ബുക്കില്‍ ഉള്‍പ്പെട്ടു. ശ്രീശങ്കര്‍ ചാടിയ സമയത്തെ കാറ്റിന്റെ വേഗത 1.5 മീറ്ററായിരുന്നു. ഈ ഇനത്തില്‍ കേരളത്തിന്റെ മുഹമ്മദ് അനീസിനാണ് വെങ്കലം.

ദ്യുതിയും ശിവകുമാറും വേഗതാരങ്ങള്‍

മീറ്റിലെ വേഗതാരങ്ങളായി പുരുഷവിഭാഗത്തില്‍ തമിഴ്‌നാടിന്റെ വി. ശിവകുമാറും വനിതകളില്‍ ഒഡീഷയുടെ ദ്യുതി ചന്ദും. രണ്ടാം ദിനത്തെ ആദ്യഫൈനലായിരുന്ന പുരുഷവിഭാഗം 100 മീറ്ററില്‍ തമിഴ്‌നാട് താരങ്ങള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് ട്രാക്കില്‍ കണ്ടത്. മൂന്നാം ലെയിനില്‍ പോരാട്ടത്തിന് ഇറങ്ങിയ ബി. ശിവകുമാറും അഞ്ചാം ലെയിനില്‍ മത്സരത്തിനിറങ്ങിയ കെ.ഇലക്യദാസനും തമ്മില്‍ മിന്നും പ്രകടനം. 10.366 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടശിവകുമാര്‍ മീറ്റിന്റെ വേഗമേറിയ താരമായപ്പോള്‍ 10.37 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന എലക്യദാസ് വെള്ളിനേട്ടത്തിന് ഉടമയായി. പഞ്ചാബിന്റെ ഹര്‍ജിത്ത് സിംഗിനാണ്(10.43) വെങ്കലം. ഈ ഇനത്തില്‍ മലയാളി താരം കെ.പി അശ്വിന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു
വനിതകളിലെ വേഗതാരപ്പോരാട്ടത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദ് 11.49 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ വനിതകളിലെ വേഗമേറിയ താരമായി മാറി.
കേരളത്തിന്റെ പാലക്കാട് സ്വദേശിനി എം.വി ജില്‍ന(11.63സെക്കന്‍ഡ്) വെള്ളിനേട്ടത്തിന് ഉടമയായി. കഴിഞ്ഞ രണ്ടു വര്‍ഷമായി മത്സര രംഗത്തു നിന്നും വിട്ടു നിന്ന ദില്‍നയുടെ മടങ്ങിവരവ് വെള്ളിനേട്ടത്തോടെ കാലിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഗംഭീരമാക്കി. ഈ വിജയം തന്റെ മകള്‍ ഇഷാന്‍വിക്കുള്ള സമ്മാനമാണെന്നു എസ്എസ്ബി ജീവനക്കാരിയായ ദില്‍ന പറഞ്ഞു. കര്‍ണാടകയുടെ മലയാളി താരം എന്‍.എസ് സിമിക്കാണ്(11.71 സെക്കന്‍ഡ്) ഈ ഇനത്തില്‍ വെങ്കലം.
മീറ്റിലെ റിക്കാര്‍ഡുകളുടെ വരള്‍ച്ചയ്ക്ക് ഇന്നലെ വിരാമം. വനിതകളുടെ 400 മീറ്ററില്‍ മഹാരാഷ്ട്രയുടെ ഐശ്വര്യ കൈലാ മിശ്ര 51.18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ കടപുഴകിയത് 2017-ല്‍ പാട്യാലയില്‍ നിര്‍മലാ ഷാരോണ്‍ സ്ഥാപിച്ച 51.28 എന്ന സമയം. കര്‍ണാടകത്തിന്റെ പൂവമ്മ രാജു 52.70 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളിയും ആന്ധ്രയുടെ ദന്‍ഡി ജ്യോതിക 53.90 വെങ്കലവും നേടി.
പുരുഷ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ രാജേഷ് രമേഷ് 46. 45 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ ആകാഷ് കുമാറിന് (46.57) വെള്ളിയും കേരളത്തിന്റെ നോഹാ നിര്‍മല്‍ ടോം(46.81) വെങ്കലവും നേടി. ഫിനിഷിംഗ് ലൈനിന്റെ 100 മീറ്റര്‍ അകലെ വരെ ശക്തമായ പോരാട്ടം നടത്തി മുന്നില്‍ നിന്ന ഡല്‍ഹിയുടെ മലയാളി താരം അമോജ് ജേക്കബിന് പേശിവലിവു മൂലം ആറാമത് മാത്രമാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഹീറ്റ്‌സില്‍ മികച്ച പ്രകടനമായിരുന്നു അമോജിന്റെത്..മീറ്റില്‍ ഇന്നലെ കേരളതാരങ്ങളുടെ സമ്പാദ്യം രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ.്

ഇന്ന് എട്ടു ഫൈനലുകള്‍
മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് എട്ടു ഫൈനലുകള്‍ നടക്കും. പുരുഷ വിഭാഗം ഹൈജംപ്,ഷോട്ട്പുട്ട്, പുരുഷ ,വനിതാ വിഭാഗങ്ങളിലെ 110 മീറ്റര്‍ ഹര്‍ഡില്‍സ്,3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്, വനിതാ വിഭാഗം ജാവലിന്‍, ലോംഗ് ജംപ് എന്നിവയാണ് ഇന്ന് നടക്കുക.

മത്സരഫലങ്ങള്‍

ഷോട്ട്്പുട്ട് വനിത
ആഭ ഖത്വ (16.75 മീറ്റര്‍, മഹാരാഷ്ട്ര
മന്‍പ്രീത് കൗര്‍ (16.21, പഞ്ചാബ്)
കച്ച്‌നാര്‍ ചൗധരി (14.95, രാജസ്ഥാന്‍)

1500 മീറ്റര്‍ പുരുഷന്‍
അജയ് കുമാര്‍ സരോജ് (3:42.36, ഉത്തര്‍പ്രദേശ്)
രാഹുല്‍ (3:42.40, ഡല്‍ഹി)
ജിന്‍സണ്‍ ജോണ്‍സണ്‍ (3:43.48, കേരളം)

1500 വനിത
ലിലി ദാസ് (4:15.46, പശ്ചിമബംഗാള്‍)
അങ്കിത (4:16.07, ഉത്തരാഖണ്ട്)
ചന്ദ (4:16.41, ഡല്‍ഹി)

ജാവലിന്‍ ത്രോ പുരുഷന്‍
രോഹിത് യാദവ് (81.83 മീറ്റര്‍, ഉത്തര്‍പ്രദേശ്)
പി. മനു (79.17, കര്‍ണാടക)
സഹില്‍ സില്‍വാള്‍ (73.35, ഹരിയാന) ഡക്കാത്തലന്‍ സൗരഭ് രതി (6643 പോയിന്റ്, ഉത്തര്‍പ്രദേശ്), ബൂട്ടാസിംഗ് (6619, ഹരിയാന), മോഹിത് (6613, ഹരിയാന)

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments