Saturday, November 23, 2024
HomeNewsഅരി കിലോയ്ക്ക് 448 ലങ്കൻ രൂപ; പാൽ ലിറ്ററിന് 263; ജനം തെരുവിൽ

അരി കിലോയ്ക്ക് 448 ലങ്കൻ രൂപ; പാൽ ലിറ്ററിന് 263; ജനം തെരുവിൽ

കൊളംബോ: ശ്രീലങ്കയിൽ (Srilanka Economic Crisis) വിദേശനാണയം ഇല്ലാത്തതിനാൽ അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതോടെ ജനം തെരുവിലിറങ്ങി. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ ഉടനടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിൽ അരി കിലോയ്ക്ക് 448 ലങ്കൻ രൂപ (128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപയാവും.

പെട്രോളിനും ഡീസലിനും 40 % വില വർധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോൾ വില ലീറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റർ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. (1 ശ്രീലങ്കൻ രൂപ = 29 ഇന്ത്യൻ പൈസ). വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി.

പതിറ്റാണ്ടുകൾക്കിപ്പുറം സാമ്പത്തികപ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ സാമ്പത്തികമേഖല. വിദേശനാണയം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെയായി. ഇപ്പോൾ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫിൽ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങും. ഒരു ബില്യൺ ഡോളർ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. ധനമന്ത്രി ബേസിൽ രാജപക്സെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ വർഷം ഇത് വരെ 140 കോടി ഡോളർ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയത്.

കൊളംബോയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെക്കെതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്സെ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് തെരുവിൽ അണിനിരന്നത്. പ്രതിപക്ഷപാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. സർക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്. ”രണ്ട് വർഷമായി നിങ്ങൾ ഈ ദുരിതമനുഭവിക്കുന്നു. ഇനിയും സഹിക്കാനാകുമോ?”എന്ന ബാനറുകളും ഫ്ലക്സുകളുമായാണ് ജനം തെരുവിലെത്തിയിരിക്കുന്നത്. പ്രസിഡന്റിന്റെ ഓഫീസിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments