കൊളംബൊ: ജനകീയ പ്രക്ഷോഭത്തിനിടെ രാജ്യം വിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ മാലെദ്വീപില്‍നിന്നു സിംഗപ്പൂരിലേക്കു പോയി. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഗോതബായ സിംഗപ്പൂരിലേക്കു തിരിച്ചതെന്ന് മാലെദ്വീപ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിംഗപ്പൂരില്‍നിന്നു രജപക്‌സെ സൗദിയിലേക്കു പോവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
അതിനിടെ നേരത്തെ പറഞ്ഞത് അനുസരിച്ച് രജപക്‌സെയുടെ രാജിക്കത്ത് ലഭിച്ചില്ലെന്ന് സ്പീക്കര്‍ മഹിന്ദ അഭയവര്‍ധന അറിയിച്ചു. രാജിക്കത്ത് ലഭിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടേണ്ടിവരുമെന്ന് പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്ന് അഭയ വര്‍ധന പറഞ്ഞു.
ഇന്നലെ രാജിവയ്ക്കുമെന്നാണ് രജപക്‌സെ അറിയിച്ചിരുന്നു. ഇന്നലെ തന്നെ ഫോണില്‍ വിളിച്ച് പ്രസിഡന്റ് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നതായും സ്പീക്കര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് ഗോതബായ രജപക്‌സെ ശ്രീലങ്ക വിട്ടത്. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് ഗോതബായ മാലെദ്വീപിലേക്കു കടന്നത്.