ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണ്. ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവിൽ സർവീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. തങ്ങൾ വിവാഹിതരാവുകയാണെന്ന വിവരം ദിവസങ്ങൾക്ക് മുമ്പാണ് ഇവർ പുറത്തുവിട്ടത്.
2015ലാണ് രേണുരാജ് സിവിൽ സർവീസ് പരീക്ഷ പാസായത്. എറണാകുളം അസി.കളക്ടർ, തൃശൂർ ഡെപ്യൂട്ടി കളക്ടർ, ദേവികുളം സബ് കളക്ടർ, നഗരകാര്യ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലേറ്റത്.
എറണാകുളം പനമ്പള്ളി നഗർ സ്വദേശിയാണ് ശ്രീറാം. 2013ലാണ് സിവിൽ സർവീസ് പാസായത്. പത്തനംതിട്ട അസി.കളക്ടർ, ദേവികുളം സബ് കളക്ടർ, സർവേ ആൻഡ് ലാൻഡ് ഡയറക്ടർ, തിരുവല്ല ആർ.ഡി.ഒ, പൊതുഭരണ വകുപ്പ് അസി.സെക്രട്ടറി, കൊവിഡ് ഡേറ്റ മാനേജ്മെന്റ് നോഡൽ ഓഫീസർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതിന് പിന്നാലെ സസ്‌പെൻഷനിലായ ശ്രീറാം, മാസങ്ങൾക്ക് ശേഷമാണ് സർവീസിൽ തിരിച്ചെത്തിയത്.