Pravasimalayaly

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതുമുതല്‍; ഫലം മെയ് പത്തിനകം

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് മാതൃകാപരീക്ഷകള്‍. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് 25നകം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നിനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 25നും ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുക. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 60000 പേര്‍ പരീക്ഷ എഴുതുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version