Pravasimalayaly

കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായ സ്ഥിതിയില്‍ കോവിഡ് വ്യാപനം നടക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ സംവിധാനത്തോടെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് പത്്രക്കുറിപ്പില്‍ പറയുന്നു.
പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാര്‍ നിശ്ചയമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും വിദ്യാര്‍ഥികളും കഴിയുന്നതു ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണം. ഐ ആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷമേ വിദ്യാര്‍ഥികളെ സ്‌കൂള്‍ കോമ്പൗണ്ടുകളിലേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസര്‍ , സോപ്പ് ലഭ്യത ഉറപ്പാക്കണം.
കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വാറന്റീനിലുള്ള വിദ്യാര്‍ഥികള്‍, ശരീരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ ഹാള്‍ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു

Exit mobile version