Pravasimalayaly

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31 മുതല്‍, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23-ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31-ന് ആരംഭിച്ച് ഏപ്രില്‍ 29-ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിച്ച് ഏപ്രില്‍ 22-ന് അവസാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.എച്ച്.എസ്.ഇ. പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ 18 വരെ നടക്കും.

ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ആയിരിക്കും. ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി മേയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മേയ് മാസത്തില്‍തന്നെ അധ്യാപകര്‍ക്കുള്ള പരിശീലനം നടക്കും.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞതായും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ എൻ.എസ്.എസ്. ഹയർ സെക്കൻഡറി നടത്തുന്ന ‘തെളിമ ‘പദ്ധതി വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version