കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വവും ഉപദേശവും നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രൂപീകരിച്ച കമ്മിറ്റിയില്‍ ഒരാള്‍ മാത്രം ഡിഎംകെ. ബാക്കിയെല്ലാം മറ്റ് പാര്‍ട്ടിക്കാര്‍. 13 അംഗ കമ്മിറ്റിയില്‍ 12 പ്രതിപക്ഷ എംഎൽഎമാരെ (ഇതില്‍ കോണ്‍ഗ്രസ്, സിപിഎം എംഎല്‍എമാരും അടക്കം) ഉൾപ്പെടുത്തി കമ്മിറ്റി ഉണ്ടാക്കി കയ്യടി നേടുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കഴിഞ്ഞ സർക്കാരിലെ ആരോഗ്യമന്ത്രിയെ അടക്കം ക്ഷണിച്ചാണ് അദ്ദേഹം കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. പ്രതികാരരാഷ്ട്രീയം മാത്രം കണ്ട് തഴമ്പിച്ച തമിഴകത്തിന് സ്റ്റാലിന്റെ ഈ നീക്കം അമ്പരപ്പ് സമ്മാനിക്കുന്നതാണ്.ഇതോടെ കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ വ്യത്യാസം ഒരു തടസമല്ല എന്ന് അദ്ദേഹം തെളിയിക്കുന്നു. സൗഹൃദ രാഷ്ട്രീയത്തിന്റെ സൂചന നൽകി തന്നെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കവും. കമ്മിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്. ബിജെപി എംഎൽഎയും ഇക്കൂട്ടത്തിലുണ്ട്. ഡിഎംകെ–അണ്ണാഡിഎംകെ പോരിന് വേദിയാകാറുള്ള തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സ്റ്റാലിൻ.