തദ്ദേശ തിരഞ്ഞെടുപ്പ് 3 ഘട്ടമായി. വോട്ടെണ്ണൽ ഡിസംബർ 16 ന്‌: തിരഞ്ഞെടുപ്പ് കമ്മീഷൻ

0
90

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് 3 ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യ ഘട്ടം ഡിസംബര്‍ 8 ചൊവ്വാഴ്ച്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അന്ന് വെട്ടെടുപ്പ് നടക്കുക.
രണ്ടാം ഘട്ടം വോട്ടെടുപ്പ് ഡിസംബര്‍ 10ന് നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളിലാകും അന്ന് വോട്ടെടുപ്പ് നടക്കുക. മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ , കാസര്‍ കോഡ് എന്നീ ജില്ലകളില്‍ ഡിസംബര്‍ 14നാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പുറപ്പെടുവിക്കും. ക്രിസ്തുമസിന് മുമ്പായി പുതിയ ഭരണസമിതി നിലവില്‍ വരും. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഡിസംബര്‍ 31നകം ഭരണസമിതികള്‍ അധികാരത്തില്‍ വരുന്ന രീതിയില്‍ നടത്താനാണ് കമ്മീഷന്റെ തീരുമാനം. സുഗമമായി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഡിജിപി അറിയിച്ചതായും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1200 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ആരോഗ്യവകുപ്പ് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തെരഞ്ഞടുപ്പ് ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചത്. 2,71,20, 823 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.  കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകും. ഇതിനായി മൂന്ന് ദിവസം മുന്‍പ് അപേക്ഷകള്‍ നല്‍കണം
പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയത്. പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമില്ല.
വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷന്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Leave a Reply