സുബൈർ വധക്കേസ് : മൂന്ന് പേർ കൂടി അറസ്റ്റിൽ

0
30

പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി. ഇതോടെ സുബൈർ വധകേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ഗിരീഷ്, സുചിത്രൻ, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ അർഎസ്എസ് പ്രവർത്തകർ എന്ന് പോലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. സുബൈറിനെ വധിക്കാൻ നേരത്തെ രണ്ട് തവണ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഈ ഗൂഢാലോചനയിൽ അടക്കം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്

ഏപ്രിൽ 14ന് ഉച്ചയോടെയാണ് സുബൈർ കൊല്ലപ്പെട്ടത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.

Leave a Reply