Pravasimalayaly

സുബൈര്‍ വധം;കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതില്‍ പുതിയ വെളിപ്പെടുത്തല്‍,അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞ് കാര്‍ കൊണ്ടുപോയത് രമേശ്‌


പാലക്കാട് സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതില്‍ പുതിയ വെളിപ്പെടുത്തല്‍. കള്ളിമുള്ളി സ്വദേശി രമേശിനാണ് താന്‍ വാഹനം നല്‍കിയതെന്ന് കാര്‍ ഉപയോഗിച്ചിരുന്ന അലിയാര്‍. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടിയിരുന്നതായും അലിയാര്‍ പറഞ്ഞു.

അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് കാര്‍ ആവശ്യപ്പെട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഓഫാണെന്നും അലിയാര്‍ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിന്റെ ഫോട്ടോയും നമ്പറുമുണ്ട്. കാര്‍ ആവശ്യപ്പെടുന്നതിന്റെ കോള്‍ റെക്കോര്‍ഡ് പൊലീസിന് കൈമാറിയെന്നും അലിയാര്‍.

അതേസമയം കാര്‍ തന്റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് താനല്ലെന്ന് യതാര്‍ത്ഥ ഉടമ കൃപേഷ് പറഞ്ഞിരുന്നു. രണ്ടുവര്‍ഷമായി അലിയാര്‍ എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അലിയാര്‍ ആര്‍ക്കൊക്കെ കാര്‍ നല്‍കിയെന്ന് അറിയില്ലെന്നും കൃപേഷ് വ്യക്തമാക്കി.
കൊലപാതകം നടന്ന പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളി സംഘം കാര്‍ ഇവിടെയുപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Exit mobile version