കോഴിക്കോട്: മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിലയിരുത്തലാണ് പ്രധാനഅജണ്ട. അതേസമയം ആര്‍എസ്എസുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ കഴിഞ്ഞദിവസങ്ങളില്‍ ലീഗ് നേതാക്കള്‍ ശക്തമായി രംഗത്തുവന്നിരുന്നു.
സുധാകരന്റെ വിവാദ പ്രസ്താവനകള്‍ ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി നാളെ യോഗം ചേരുന്നുണ്ട്. കൊച്ചിയില്‍ രാവിലെ 10.30 നാണ് യോഗം. മുസ്ലിം ലീഗിന്റെ ഇന്നത്തെ യോഗത്തിലെ നിലപാട് കോണ്‍ഗ്രസ് നേതൃയോഗത്തിലെ ചര്‍ച്ചയെ സ്വാധീനിക്കും. സുധാകരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തള്ളിപ്പറഞ്ഞിരുന്നു.
അതേസമയം വിവാദപ്രസ്താവനയില്‍ എഐസിസി കെ സുധാകരനോട് വിശദീകരണം തേടിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി താര്ഖ് അന്‍വര്‍ സുധാകരനുമായി ഫോണില്‍ സംസാരിച്ചു. താരിഖ് അന്‍വര്‍ ഉടന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്നതും, നെഹ്‌റുവുമായി ബന്ധപ്പെട്ട പരാമര്‍ശവുമാണ് വിവാദമായത്.