കൊച്ചി: സംസ്ഥാനത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഇടമലക്കുടി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി വ്‌ളോഗര്‍ സുജിത് ഭക്തന്‍. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനൊപ്പം സുജിത് ഭക്തന്‍ ഇടമലക്കുടി സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു . ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നു യാത്രയെന്ന പരാതിയും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇന്നലെ സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ സുജിത് ഭക്തന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇടമലക്കുടിയില്‍ പോയി വന്ന തങ്ങളുടെ സംഘത്തിലെ ആര്‍ക്കും കൊവിഡ് ബാധിച്ചിരുന്നില്ലെന്ന് സുജിത് ഭക്തന്‍ പറഞ്ഞു. യാത്രയ്ക്ക് മുന്‍പും ശേഷവും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു. തങ്ങള്‍ക്കു പുറമെ പലരും ഇടമലക്കുടിയിലേയ്ക്ക് വരുന്നുണ്ട്. സാധനങ്ങള്‍ കൊണ്ടുവരാനും മറ്റും നിരവധി പേര്‍ വരുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. എന്നാല്‍ സുജിത് ഭക്തനും ഡീന്‍ കുര്യാക്കോസും പോയത് ആ വീഡിയോ പുറത്തെത്തിയതു കൊണ്ട് മാത്രമാണ് എല്ലാവരും അറിഞ്ഞതെന്നും സുജിത് ചാനലിനോടു പറഞ്ഞു.
ഒരു വ്േളാഗര്‍ എന്ന നിലയില്‍ മാത്രമല്ല, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് താന്‍ ഇടമലക്കുടിയില്‍ പോയത്. മാധ്യമങ്ങള്‍ക്ക് ഉള്ളതുപോലെ തനിക്കും സാമ്പത്തിക താത്പര്യങ്ങളുണ്ട്. എന്നാല്‍ തങ്ങളാരും ഇടമലക്കുടിയില്‍ കൊവിഡ് കൊടുത്തിട്ടില്ലെന്നും അങ്ങനെ ആരോപിക്കുന്നതു ശരിയല്ലെന്നും സുജിത് ഭക്തന്‍ പറഞ്ഞു.
തന്നെ സ്ഥലം എംപി ക്ഷണിച്ചിട്ടാണ് ഒപ്പം പോയതെന്ന് ആവര്‍ത്തിച്ച സുജിത് ഭക്തന്‍ അന്വേഷണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.