Pravasimalayaly

സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം; തലശ്ശേരിയില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്

സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേനയുടെ റെയ്ഡ്. തലശ്ശേരി സ്വദേശി ആബിദിന്റെ വീട്ടിലാണ് കര്‍ണാടക എടിഎസിന്റെ പരിശോധന. ആബിദ് തീവ്രവാദ സ്വഭാവമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.

അതിനിടെ മംഗലൂരില്‍ നിരോധനാജ്ഞ ഓഗസ്റ്റ് ആറുവരെ നീട്ടി. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിലാണ് നിരോധനാജ്ഞ ഓഗസ്റ്റ് ആറാം തീയതി അര്‍ധരാത്രി 12 മണിവരെ നീട്ടിയത്. കടകള്‍ വൈകീട്ട് ആറുമണിക്ക് അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

അത്യാവശ്യ സര്‍വീസുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ മാത്രമേ ആറുമണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ബന്ത്വാള്‍, പുട്ടൂര്‍, ബെല്‍റ്റങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ ഓഗസ്റ്റ് ഒന്നുവരെ മദ്യശാലകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

പത്തുദിവസങ്ങള്‍ക്കിടെയുണ്ടായ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണകന്നഡ ജില്ലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കരര്‍ശന ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമുദായികമായി പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ബന്ത്വാളില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.

Exit mobile version