സുന്ദർലാൽ ബഹുഗുണ : സമാനതകളില്ലാത്ത മനുഷ്യൻ

0
649

പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.പരിസ്ഥിതി സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി പോരാടിയ സുന്ദർലാൽ ബഹുഗുണയ്ക്ക് പത്മവിഭൂഷൻ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ തുടക്കം സുന്ദർലാൽ ബഹുഗുണയിൽ നിന്നാണ്. അനശ്വരമായ സമ്പത്താണ് പരിസ്ഥിതി എന്നതായിരുന്നു ബഹുഗുണ മുന്നോട്ടുവെച്ച മുദ്രാവാക്യം.ഉത്തരാഖണ്ഡിലെ ടെഹ്രിയിലായിരുന്നു ജനനം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവെച്ചുള്ള ചിപ്കോപ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തനായത്. ടെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. രാജ്യത്തുടനീളം വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം തുടങ്ങിയ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. ഹിമാലയത്തെ രക്ഷിക്കുക എന്ന സന്ദേശവുമായി 1970 കളിലാണ് സുന്ദർലാൽ ബഹുഗുണ ചിപ്കോ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇപ്പോൾ ഉത്തരഖണ്ഡിന്റെ ഭാഗമായ ഹിമാലയൻ മേഖലയിൽ വനനശീകരണം രൂക്ഷമായപ്പോൾ അതിനെ ചെറുക്കാനാണ് ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിന് രൂപം നൽകിയത്. വനനശീകരത്തതിനെതിരെ അദ്ദേഹം നടത്തിയ സന്ദേശം ഉൾക്കൊണ്ട ജനങ്ങൾ മരങ്ങൾ സംരക്ഷിക്കുന്നതിനായി ഒന്നിച്ചു. തുടർച്ചയായ ആശയപ്രചരണവും അഹിംസാമാർഗത്തിലൂടെയുള്ള സമരങ്ങളും ലക്ഷ്യം കണ്ടത് ഒരു ദശകം പിന്നിട്ടപ്പോഴാണ്. ഈ പ്രദേശത്തെ മരം മുറിക്കുന്നത് 15 വർഷത്തേക്ക് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടു. ഇക്കാര്യത്തിൽ പ്രധാനമന്തി ഇന്ദിരാഗാന്ധിയുടെ ഇടപെടലും പ്രധാനമായി. ബഹുഗുണ ജനിച്ചുവളർന്ന ഉത്തരാഞ്ചലിലെ ടെഹ്രിയിൽ സ്ഥാപിക്കുന്ന അണക്കെട്ടിനെതിരെയായിരുന്നു തുടർന്നുള്ള സമരം. ലോകത്തെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ അണക്കെട്ടായി കണക്കാക്കപ്പെടുന്ന ടെഹ്രി അണക്കെട്ടിനനെതിരായ സമരം രണ്ടു ദശകത്തിലേറെ നീണ്ടു. ഈ പ്രശ്നത്തിൽ 95ൽ സുന്ദർലാൽ ബഹുഗുണ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. അണക്കെട്ടിനെക്കുറിച്ചുപഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ഉപവാസം നിർത്തി. എന്നാൽ വാഗ്ദാനം പാലിക്കാതെ വന്നപ്പോൾ രാജ്ഘട്ടിൽ നിരാഹാര സമരം തുടങ്ങി. ഇത് 74 ദിവസം നീണ്ടു.

സ്വാതന്ത്ര്യസമരത്തില്‍ നിന്നും പരിസ്ഥിതിയുടെ കാവലാളായി മാറുകയായിരുന്നു സുന്ദർലാൽ ബഹു​ഗുണ എന്ന പരിസ്ഥിതി സ്നേഹി. ചിപ്കോ പ്രസ്ഥാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രവർത്തനം. ഇന്ത്യയിൽ മരങ്ങൾ മുറിക്കുന്നതില്‍ നിരോധനമേർപ്പെടുത്താൻ കാരണക്കാരൻ, ടെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവ്, ഹിമാലയത്തിന്റെ കാവലാൾ തുടങ്ങി വിശേഷണങ്ങൾ ഏറെയാണ്.

ടെഹ്‌രിക്കടുത്തുള്ള മറോദ ഗ്രാമത്തിലാണ് സുന്ദർലാൽ ബഹുഗുണ ജനിച്ചത്. മഹാത്മാഗാന്ധിയുടെ തത്വങ്ങളായ അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും അനുയായിയായ അദ്ദേഹം ഹിമാലയത്തിലെ വനസംരക്ഷണത്തിനായി ജീവിതകാലം മുഴുവന്‍ പോരാടി. ഇപ്പോഴത്തെ ഉത്തരാഖണ്ഡിന്റെ ഭാഗമായ ഹിമാലയന്‍ മേഖലയില്‍ വനനശീകരണം രൂക്ഷമായപ്പോള്‍ അതിനെ ചെറുക്കാനാണ് ചിപ്കോ പ്രസ്ഥാനം രൂപം കൊണ്ടത്. 1973 ഏപ്രിൽ 24 ന് ഗൗരദേവിയുടെ നേതൃത്വത്തില്‍ റെനി ഗ്രാമത്തിലെ 28 സ്ത്രീകളാണ് മരങ്ങളെ കെട്ടിപ്പിടിച്ച് അവ മുറിക്കുന്നത് തടഞ്ഞത്. ഇവിടെ നിന്നുമായിരുന്നു ചിപ്കോ പ്രസ്ഥാനത്തിന്റെ രൂപീകരണം.

വനനശീകരണത്തിനെതിരായ വന്‍ ജനമുന്നേറ്റമായി ചിപ്കോ മാറിയപ്പോള്‍ അതിലേറ്റവും പങ്കുവഹിച്ചത് ബഹുഗുണയായിരുന്നു. 1980 കളുടെ തുടക്കത്തിൽ ഹിമാലയത്തിലൂടെ 5,000 കിലോമീറ്റർ സഞ്ചരിച്ച് ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തെ കൂടുതൽ ജനപ്രിയമാക്കി. മേഖലയിലെ നൂറുകണക്കിന് ഗ്രാമങ്ങൾ സന്ദർശിച്ച് അവബോധം വ്യാപിപ്പിക്കാനും പിന്തുണ ശേഖരിക്കാനും അദ്ദേഹം ശ്രമിച്ചു. തുടര്‍ച്ചയായ ആശയപ്രചരണവും അഹിംസാമാര്‍ഗത്തിലൂടെയുള്ള സമരങ്ങളും ലക്ഷ്യം കണ്ടത് ഒരു ദശകം പിന്നിട്ടപ്പോഴാണ്. ഈ പ്രദേശത്തെ മരം മുറിക്കുന്നത് 15 വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.

പിന്നീട് 2004 ന്റെ ആരംഭം വരെ അദ്ദേഹം ടെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. തുടർന്ന് ഖനനം, വനനശീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളും ഏറ്റെടുത്തു. ഹിമാലയത്തിന്റെ കാവൽക്കാരനായാണ് ബഹുഗുണ സ്വയം കണക്കാക്കിയിരുന്നത്.

1981 ൽ, വൃക്ഷങ്ങൾ വെട്ടിമാറ്റിയതിന്റെ പേരിൽ പദ്മശ്രീ സ്വീകരിക്കാൻ ബഹുഗുണ വിസമ്മതിച്ചിരുന്നു, അദ്ദേഹം പദ്മശ്രീ നിരസിച്ചതിന് ശേഷമാണ് പച്ച മരങ്ങൾ വെട്ടിമാറ്റുന്നത് സർക്കാർ നിരോധിച്ചത്.

ദിവസങ്ങൾക്ക് മുൻപാണ് ബഹുഗുണയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒരു നൂറ്റാണ്ട് കാലത്തോളം പരിസ്ഥിതിക്ക് വേണ്ടി വാദിക്കുകയും അതിനായി ആശയപ്രചാരണം നടത്തുകയും ചെയ്ത ശക്തനായ ഒരു ഗാന്ധിയന്‍ പോരാളിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്.

Leave a Reply