അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

0
283

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. അടുത്ത രണ്ടു ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. 23നും 30നും അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. ഞായറാഴ്ചകളില്‍ മാളുകളും തിയറ്ററുകളും പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ആരോഗ്യ, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ബിരുദബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. രാത്രികാല യാത്രാനിയന്ത്രണം വേണ്ടെന്നും കോവിഡ് അവലോകന യോഗം തീരുമാനിച്ചു. രോഗവ്യാപന തോത് അനുസരിച്ച് ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന അഞ്ചു ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൊതുപരിപാടികള്‍ക്ക് പൂര്‍ണ വിലക്കാണ്. സ്വകാര്യ ചടങ്ങില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും യോഗം നിര്‍ദേശിച്ചു.എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പൊതുപരിപാടികളില്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. 

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. സ്‌പ്രെഡ് തടയുന്നതിനായി കര്‍ശന നടപടികള്‍ വേണമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

Leave a Reply