Pravasimalayaly

പേരറിവാളനോട് വിവേചനം കാണിക്കുന്നു; മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി . പേരറിവാളന് ജയിലില്‍ നല്ല നടപ്പായിരുന്നു. എന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭ ശുപാര്‍ശ രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോയെന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കൃത്യമായി വാദം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസ് ചൊവ്വാഴ്ച്ച വീണ്ടും വാദം കേള്‍ക്കും.

26 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ട് തവണ പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പേരറിവാളന്‍ അവസാനമായി പരോളില്‍ ഇറങ്ങിയത്. ജയില്‍ മോചനത്തിനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് പേരറിവാളന്‍ ഇപ്പോള്‍. രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്.

1991 ജൂണിലാണ് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ പേരറിവാളനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. വധശിക്ഷയായിരുന്നു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.

Exit mobile version