പാരസെറ്റമോൾ ഗുളികയായ ‘ഡോളോ -650’ കുറിച്ചു നൽകാൻ ഡോക്ടർമാർക്ക് 1000 കോടി രൂപയുടെ സൗജന്യം നൽകിയ മരുന്നുകമ്പനി നടപടി അതീവ ഗൗരവമുള്ള വിഷയമാണെന്നു സുപ്രീം കോടതി. ഇത്തരത്തിൽ സൗജന്യം നൽകുന്നതിന്റെ ഉത്തരവാദിത്തം കമ്പനികളുടേതു മാത്രമാക്കണമെന്നു ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജിക്കാർക്കു വേണ്ടി സഞ്ജയ് പരീഖ് വിഷയം അവതരിപ്പിച്ചപ്പോൾ പാട്ടു കേൾക്കുന്നതുപോലെ സുഖമുള്ള കാര്യമല്ല താൻ കേൾക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം. വിഷയത്തിൽ 10 ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ മറുപടി നൽകണമെന്നു കോടതി നിർദേശിച്ചു. ഇതു ലഭിച്ച ശേഷം ഹർജി പരിഗണിക്കും. ഡോളോ 650 ഉൽപാദകരായ മൈക്രോ ലാബ്‌സ് ലിമിറ്റഡിന്റെ മരുന്നുകൾ കുറിച്ചു നൽകാൻ സൗജന്യം പറ്റിയ വകയിൽ 1000 കോടിയോളം രൂപയുടെ അഴിമതി ഡോക്ടർമാർ നടത്തിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഡോക്ടർമാരുടെ പേരുവിവരം ലഭ്യമാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ ധനമന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.