ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തലിന് സുപ്രീം കോടതി സ്‌റ്റേ

0
19

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉത്തരവിട്ടത്. 

രാവിലെ കോടതി ചേര്‍ന്നയുടന്‍ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയതായും ദവെ അറിയിച്ചു. അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തല്‍. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പൊളിക്കല്‍ രാവിലെ ഒന്‍പതിനു തന്നെ തുടങ്ങി. കോടതി ഇടപെടല്‍ ഉണ്ടാവുമെന്ന സംശയത്തിലാണ് ഇതെന്ന് ദവെ പറഞ്ഞു.

കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. 

കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ജഹാംഗീര്‍പുരി. ജയന്തി ഘോഷയാത്രയ്ക്കു നേരെ കല്ലേറും തുടര്‍ന്നു ഇരുപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷവും അരങ്ങേറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

ബുള്‍ ഡോസറുകളും ജെസിബിയും ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയത്. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹംഒരുക്കിയിരുന്നു. അഞ്ചു സെക്ടറുകളിലായി പൊലീസ് സേനയെ വിന്യസിച്ചു. അര്‍ധ സൈനിക വിഭാഗവും സജ്ജമാണ്. ഡ്രോണ്‍ കാമറ ഉപയോഗിച്ച് പൊലീസ് രംഗനീരക്ഷണം നടത്തി.

Leave a Reply