Sunday, November 24, 2024
HomeLatest News'ഇവര്‍ ഒറ്റയാളാണ് രാജ്യത്ത് തീ പടര്‍ത്തിയത്, രാജ്യത്തോടു മാപ്പു പറയണം'; നൂപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച്...

‘ഇവര്‍ ഒറ്റയാളാണ് രാജ്യത്ത് തീ പടര്‍ത്തിയത്, രാജ്യത്തോടു മാപ്പു പറയണം’; നൂപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രവാചകന്‍ മുഹമ്മദിനെ നിന്ദിച്ചു സംസാരിച്ച, ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. നൂപുര്‍ ശര്‍മയുടെ വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തിയെന്ന് കോടതി പറഞ്ഞു. അവര്‍ രാജ്യത്തോടു മാപ്പു പറയുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു.

പ്രവാചക നിന്ദയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നും നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടിരുന്നു. 

എന്താണ് ഇങ്ങനെയൊരു ആവശ്യമെന്ന കോടതിയുടെ ചോദ്യത്തിന്, നൂപുര്‍ ശര്‍മയ്ക്കു ഭീഷണിയുണ്ടെന്ന് അവര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ് പറഞ്ഞു. അവര്‍ക്കു ഭീഷണിയുണ്ടെന്നാണോ അതോ അവര്‍ തന്നെ സുരക്ഷാ ഭീഷണിയാണോ എന്ന ചോദ്യത്തോടെയാണ് കോടതി പ്രതികരിച്ചത്. രാജ്യത്താകെ തീ പടര്‍ത്തിയത് ഇവരാണ്. ഈ സ്ത്രീയാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതിന് ഉത്തരവാദിയെന്ന്, ഉദയ്പുര്‍ കൊലപാതകം പരാമര്‍ശിച്ചുകൊണ്ട് കോടതി വിമര്‍ശിച്ചു.

നൂപുര്‍ ശര്‍മ ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത് എല്ലാവരും കണ്ടതാണ്. ലജ്ജാകരമാണിത്. അവര്‍ രാജ്യത്തോടു മാപ്പു പറയുകയാണ് വേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ് ആ ടെലിവിഷന്‍ ചര്‍ച്ച നടന്നത്. അങ്ങനെയൊരു ചര്‍ച്ച തന്നെ പാടില്ലാത്തതാണ്. അവതാരകയുടെ ചോദ്യത്തോടു പ്രതികരിച്ചുകൊണ്ടാണ്  നൂപുര്‍ ശര്‍മ പരാമര്‍ശം നടത്തിയത് എന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, അങ്ങനെയെങ്കില്‍ അവതാരകയ്ക്ക് എതിരെയും കേസെടുക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.

സുപ്രീം കോടതിയെ സമീപിച്ചത് നൂപുര്‍ ശര്‍മയുടെ ധാര്‍ഷ്ട്യത്തെയാണ് പ്രകടമാക്കുന്നതെന്ന് കോടതി പറഞ്ഞു. തന്റെ കേസ് കേള്‍ക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയൊന്നും പോരെന്നാണോ അവര്‍ കരുതുന്നത്? അധികാരത്തിന്റെ അഹങ്കാരമാണോ അവര്‍ക്കുള്ളത്? ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാണ് എന്നു വച്ച് എന്തും പറയാമെന്നാണോ? – കോടതി ചോദിച്ചു.

നൂപുര്‍ ശര്‍മയ്‌ക്കെതിരായ കേസുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍ കോടതിയുടെ പ്രതികരണം ഇങ്ങനെ: ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇവിടെ പുല്ലിനു വളരാനും കഴുതയ്ക്ക് അതു തിന്നാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അര്‍ണാബ് ഗോസ്വാമിയുടെ കേസിലെ പരാമര്‍ശങ്ങള്‍ ഈ കേസില്‍ ബാധകമല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 

നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ അവര്‍ ആവശ്യം പിന്‍വലിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments