ന്യൂഡല്‍ഹി: ഭര്‍ത്താവിനാല്‍ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയയാവുന്ന സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വൈവാഹിക ബലാത്സംഗവും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി.
ഗര്‍ഭഛിദ്ര നിയമത്തിലെ 3ബി എ ചട്ടത്തില്‍ പറയുന്ന ലൈംഗിക ആക്രമണത്തെ അതിജീവിച്ചവരുടെ ഗണത്തില്‍, ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായവരും ഉള്‍പ്പെടുമെന്ന് കോടതി പറഞ്ഞു. സമ്മതമില്ലാത്ത ലൈംഗിക ബന്ധം എന്നതാണ് ബലാത്സംഗത്തിന്റെ പൊതുവായ നിര്‍വചനം. ഭര്‍ത്താവിനാല്‍ ഇത്തരം ബന്ധത്തിനു വിധേയമാവുന്ന സ്ത്രീകളുണ്ട്. അവര്‍ ഗര്‍ഭിണികള്‍ ആവുന്നുമുണ്ട്- കോടതി നിരീക്ഷിച്ചു.
അവിവാഹിതകള്‍ക്കും അവകാശം
വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു.
സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തില്‍ 2021ല്‍ വരുത്തിയ ഭേദഗതിയില്‍ വിവാഹിത, അവിവാഹിത വേര്‍തിരിവ് ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇരുപതു മുതല്‍ 24 വരെ ആഴ്ച പ്രായമുള്ള, ഉഭയസമ്മത ബന്ധത്തിലൂടെ ഉണ്ടാവുന്ന ഗര്‍ഭം അലസിപ്പിക്കാവുന്ന സ്്ത്രീകള്‍ ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ ആണെന്നാണ് നിയമത്തിലെ 3ബി ചട്ടം പറയുന്നത്. വിവാഹിതരായ സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എ്ന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചട്ടം രൂപീകരിച്ചിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവ് ഇവിടെ നിലനില്‍ക്കില്ല. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സ്വതന്ത്രമായി പ്രയോഗിക്കാന്‍ അവകാശമുണ്ട്- കോടതി പറഞ്ഞു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരഗിണിച്ചത്. 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.