വര്‍ഷങ്ങള്‍ക്കു ശേഷം ‘അമ്മ’യുടെ പരിപാടിയില്‍ പങ്കെടുത്ത് സുരേഷ് ഗോപി. അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപി എത്തിയത്. കൊച്ചി കലൂരിലെ അമ്മയുടെ ആസ്ഥാനമന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് താരം മുഖ്യാതിഥിയായത്. താരത്തെ അമ്മ ഭാരവാഹികള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലെ സന്തോഷവും താരം പങ്കുവെച്ചു.
സംഘടനയുടെ ആദ്യ അംഗമാണ് സുരേഷ് ഗോപി. അമ്മ സംഘടിപ്പിച്ച ഗള്‍ഫ് പരിപാടിയ്ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് താരം സംഘടനയില്‍ നിന്ന് വിട്ടുനിന്നത്. 1997ല്‍ ‘അറേബ്യന്‍ ഡ്രീംസ്’ എന്ന പരിപാടിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തര്‍ക്കമാണ് താരം ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കാനുണ്ടായ കാരണം. എന്നാല്‍ സംഘടനയില്‍ എന്ത് തീരുമാനമെടുക്കുമ്പോള്‍ തന്നോട് ചര്‍ച്ച ചെയ്യാറുണ്ടെന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. താരം വീണ്ടും സംഘടനയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
ഇന്ന് രാവിലെ 10 മണിക്കാണ് ‘അമ്മ’ ആസ്ഥാന മന്ദിരത്തില്‍ വെച്ച് ആരോഗ്യ ക്യാമ്പ് നടത്തിയത്. ജനാര്‍ദ്ദനന്‍, ബാബുരാജ്, മണിയന്‍പിള്ള രാജു, ശ്വേതാ മേനോന്‍, സുരഭി ലക്ഷ്മി തുടങ്ങിയ അംഗങ്ങള്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു.