എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി; സ്വപ്നയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

0
41

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നല്‍കിയെന്ന കേസില്‍ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.സ്വപ്നയെ രണ്ടാം പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ആണ് കേസില്‍ ഒന്നാം പ്രതി. ബിനോയ് ജേക്കബ്, സ്വപ്ന എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

വ്യാജപരാതി ഉണ്ടാക്കിയതിന് പിന്നില്‍ എച്ച്ആര്‍ മാനേജര്‍ ആയിരുന്ന സ്വപ്ന സുരേഷായിരുന്നെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. എയര്‍ ഇന്ത്യയിലെ ആഭ്യന്തര അന്വേഷണ സമിതിയേയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുണ്ട്. കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്ന.

എയര്‍ ഇന്ത്യ ഗ്രൗണ്ട് ഓഫിസറായിരുന്ന സിബുവിനെതിരെ 2016 മാര്‍ച്ചിലാണ് 17 സ്ത്രീകള്‍ ഒപ്പിട്ട പീഡന പരാതി എയര്‍പോര്‍ട്ട് അതോറിറ്റിക്കു തപാലില്‍ ലഭിച്ചത്. ഇതു വ്യാജമാണെന്നു സിബു പോലീസില്‍ പരാതി നല്‍കി. ഇക്കാര്യം പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനു കൈമാറുകയായിരുന്നു.

Leave a Reply