മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബന്ധമില്ലെന്ന ഫോണ്‍ സംഭാഷണം പറയിപ്പിച്ചത്, ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ ജോലി ലഭിച്ചത് എം ശിവശങ്കറിന്റെ ഇടപെടല്‍ മൂലം; കൂടുതല്‍ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

0
28

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബന്ധമില്ലെന്ന ഫോണ്‍ സംഭാഷണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് സ്വപ്ന സുരേഷ് . വിശ്വസ്തരായവര്‍ സഹായിക്കാന്‍ നില്‍ക്കുമ്പോള്‍ അവര്‍ പറയുന്നതുപോലെയൊക്കെ ചെയ്യേണ്ടിവന്നുവെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ആ സമയത്ത് ചിലരുടെ കൈയിലെ പാവയായിരുന്നു താന്‍. അവര്‍ പറഞ്ഞതുപോലെ ഒരു ശബ്ദരേഖ റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞു. അതനുസരിച്ച് ഒരു കോള്‍ തനിക്ക് വന്നു. അത് റെക്കോര്‍ഡ് ചെയ്തു. പിന്നീട് അവര്‍ അത് എന്ത് ചെയ്തുവെന്ന് പോലും തനിക്ക് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസുമായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബന്ധമില്ലെന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടത് അന്ന് വലിയ വിവാദമായിരുന്നു.

ജയിലില്‍നിന്ന് ശബ്ദരേഖ പുറത്തുവന്ന സംഭവം യാഥാര്‍ഥ്യമല്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. അത് ജയിലില്‍നിന്ന് ആയിരുന്നില്ല. കസ്റ്റഡിയില്‍ ആയിരുന്ന സമയത്ത്, കേസില്‍നിന്ന് രക്ഷിക്കാമെന്ന് ശിവശങ്കര്‍ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഉണ്ടായ ഒരു ക്ലിപ്പാണ് അതെന്നും സ്വപ്ന വെളിപ്പെടുത്തി. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ളതായിരുന്നു അത്. ഓഗസ്റ്റില്‍ കസ്റ്റഡിയിലായിരുന്നപ്പോഴാണ് ആ ശബ്ദസന്ദേശം. എന്നാല്‍ ഡിസംബറിലാണ് ഇത് പുറത്തുവന്നതെന്നും സ്വപ്ന പറഞ്ഞു. സന്ദീപ് പറഞ്ഞിട്ടാണ് ഓഡിയോ ക്ലിപ്പ് നല്‍കിയത്. രണ്ട് ശബ്ദസന്ദേശങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചുള്ളതായിരുന്നുവെന്നും സ്വപ്ന ഉറപ്പിച്ചു പറഞ്ഞു.

അതേസമയം തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ ജോലി ലഭിച്ചത് എം ശിവശങ്കറിന്റെ ഇടപെടല്‍ മൂലമാണെന്ന് സ്വപ്ന സുരേഷ്. കെ ഫോണില്‍ മാനേജര്‍ ആയിട്ടാണ് ജയശങ്കറിന് ജോലി ലഭിച്ചത്. നാലോ അഞ്ചോ മാസം ജയശങ്കര്‍ ജോലി ചെയ്തു. സ്വര്‍ണക്കടത്ത് വിവാദമുണ്ടായപ്പോള്‍ ജയശങ്കറെ പിരിച്ചുവിട്ടു എന്നും സ്വപ്ന പറഞ്ഞു.

കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎ കൊണ്ടുവന്നത് ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. താന്‍ വാ തുറക്കാതിരിക്കാന്‍ വേണ്ടിയാണ് എന്‍ഐയെ കൊണ്ടുവന്നത്. താന്‍ ഒരിക്കലും ഒരു കള്ളക്കടത്തും നടത്തിയിട്ടില്ലെന്നും, അതിനുള്ള കഴിവ് തനിക്ക് ഇല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ബുദ്ധിശാലിയുടെ പദ്ധതി അനുസരിച്ചാണ് ഇതൊക്കെ നടന്നത്. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട്, ഓരോന്ന് ചെയ്യാനുള്ള കഴിവ് തനിക്ക് ഇല്ലെന്നും സ്വപ്ന പറഞ്ഞു.

സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശുപാര്‍ശ അനുസരിച്ചാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. തന്റെ നിയമനകാര്യത്തില്‍ ശിവശങ്കര്‍ കള്ളം പറയുന്നത് എന്തിനാണെന്ന് അറിയില്ല. തനിക്ക് ഇക്കാര്യത്തില്‍ കള്ളം പറയാനാകില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Leave a Reply