നിരോധിത സാറ്റ്‌ലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു;ആരോപണവുമുമായി സ്വപ്ന സുരേഷ്

0
31

തിരുവനന്തപുരം: നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ല്‍ നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോണ്‍ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു0 കോടതിയില്‍ നിന്ന് ഇയാള്‍ക്ക് ജാമ്യ0 കിട്ടി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടല്‍ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകള്‍ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘കോണ്‍സുലേറ്റില്‍ കോള്‍ വന്നു, ഒരു യുഎഇ പൗരന്‍ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കര്‍ സര്‍ പറഞ്ഞു. 10 മിനിട്ടിനുള്ളില്‍ അദ്ദേഹം തിരികെവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികള്‍ എടുത്തെന്നും പറഞ്ഞു. ‘ സ്വപ്ന സുരേഷ് പറഞ്ഞു.
‘ഈജിപ്തില്‍ ജനിച്ച യുഎഇ പൗരനാണ് ഇയാള്‍. അബുദാബിയില്‍ നിന്നാണ് ഇയാള്‍ വന്നത്. ഒമാന്‍ എയര്‍വേയ്‌സ് വിമാനം വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിആര്‍ഒ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സത്യവാങ്മൂലം ഞാന്‍ എഴുതി കോണ്‍സുല്‍ ജനറലിനെക്കൊണ്ട് ഒപ്പിടീപ്പിച്ച് വാട്‌സപ്പില്‍ അയച്ചുനല്‍കി. 4ന് അറസ്റ്റ് ചെയ്ത ആള്‍ 6 വരെ കസ്റ്റഡിയിലായിരുന്നു. 6ന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് ഇയാളെ റിലീസ് ചെയ്തു. ഏഴിന് ഇയാളെ തിരികെ അയച്ചു. ഒരു തീവ്രവാദിയെ രാജ്യം വിടാന്‍ മുഖ്യമന്ത്രിയും ശിവശങ്കറും സഹായിച്ചു. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകള്‍ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ്.’ സ്വപ്ന സുരേഷ് പ്രതികരിച്ചു.

Leave a Reply