സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെയും ആരോപണം. സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണന്‍ ഇടപെട്ടുവെന്ന് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഇതിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോണ്‍സുല്‍ ജനറല്‍ നല്‍കിയെന്നും സ്വപ്‌ന വ്യക്തമാക്കി.
മുന്‍മന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവന്‍ വാര്യരെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുര്‍ആന്‍ കൊണ്ടുവന്നുവെന്നും സ്വപ്‌ന ആരോപിക്കുന്നു. രഹസ്യമൊഴിക്ക് മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറയുന്നത്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. കെ.ടി.ജലീലിന്റെ പരാതിയില്‍ എടുത്ത കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്.
‘നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കര്‍ തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ യുഎഇ കോണ്‍സുലേറ്റില്‍ നടന്ന നീചവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പങ്കാളിത്തമുണ്ട്’ ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കിരുന്നു.