Pravasimalayaly

‘പരാതിക്ക് പിന്നിൽ കെ.ടി.ജലീലും പൊലീസും’; ഗൂഢാലോചന കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ

കെ.ടി.ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. കെ.ടി.ജലീലും പൊലീസും ചേർന്നുണ്ടാക്കിയതാണ് ഗൂഢാലോചന കേസെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്. ജലീൽ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കോടതിയിൽ മൊഴി നൽകിയതിലുള്ള വിരോധമാണ് കേസിന് പിന്നിലെന്നും സ്വപ്ന ആരോപിച്ചു.  തന്നെ ഭീഷണിപ്പെടുത്തുകയും രഹസ്യമൊഴിയിലെ വസ്തുത പുറത്ത് വരുന്നത് തടയുകയുമാണ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നിലെ ലക്ഷ്യമെന്നും സ്വപ്‌ന ഹർജിയിൽ പറയുന്നു. 

പൊലീസും ഗൂഢാലോചനയുടെ ഭാഗമായി. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സ്വപ്‌ന വ്യക്തമാക്കി. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെ.ടി.ജലീൽ നളിനി നെറ്റോ, എം.ശിവശങ്കർ എന്നിവരടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി. അതേസമയം പൊലീസ് സംരക്ഷണം വേണമെന്ന ഹർജി സ്വപ്ന പിൻവലിച്ചു. പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിജിലൻസ് മുൻ ഡയറക്ടർ എം.ആർ.അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നും ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്‌ന വ്യക്തമാക്കി. താമസിക്കുന്നയിടത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും പൊലീസിനെ പിൻവലിക്കണമെന്നും കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സ്വപ്‌ന വ്യക്തമാക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്‌ന ഹർജി നൽകിയത്.

Exit mobile version